കൊല്ലം: പുനലൂരില്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ വയോധികനെ കൊണ്ടുപോകാന്‍ എത്തിച്ച വാഹനം ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞു. ഇതോടെ ഒരു കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ട വാഹനത്തിനരികിലേക്ക് അച്ഛനേയും ചുമന്ന് മകന്‍ നടന്നു.
താലൂക്കാശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ അച്ഛനെ വീട്ടിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കുമ്പോഴാണ് മകന്റെ ഓട്ടോറിക്ഷ പോലീസ് തടയുന്നത്. ബുധനാഴ്ച ഉച്ചക്ക് പുനലൂര്‍ തൂക്കു പാലം ജംഗ്ഷനടുത്തായിരുന്നു സംഭവം.
ആവശ്യമായ രേഖകളില്ലാതെയാണ് വാഹനവുമായി എത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം വാഹനം പോലീസ് തടഞ്ഞപ്പോള്‍ രേഖകള്‍ കാണിച്ചിരുന്നെന്നും എന്നിട്ടും കടത്തിവിട്ടില്ലെന്നും കുടുംബം പറഞ്ഞു.
ആശുപത്രിയില്‍ തിരക്കായിരുന്നതു കൊണ്ട് രാവിലെ മുതല്‍ പോലീസ് കര്‍ശനമായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത്യാവശ്യക്കാരെ പോലും കടത്തി വിടുന്നില്ലെന്ന് നാട്ടുകാരും പരാതിപ്പെട്ടു.