പ്രളയത്തിന് പിന്നാലെ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസം
കോഴിക്കോട്: പ്രളയ ഭീതിയില്‍ നിന്ന് മുക്തരാകുന്നതിന് മുന്നേ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസവം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ വില്ലേജിന്റേയും കുമാരനെല്ലൂര്‍ വില്ലേജിന്റേയും അതിര്‍ത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടന്‍ മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ പാട്ടത്തിന് എടുത്ത സ്ഥലത്താണ് ഇന്നലെ സംഭവം ശ്രദ്ധയില്‍ പെട്ടത്. മണ്ണിനടിയില്‍ നിന്ന് മണലും മറ്റും പൊങ്ങിവരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പരിശോധിക്കുകയായിരുന്നു. വലിയ തോതില്‍ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് ഈ പ്രതിഭാസമെന്ന് വിദഗ്ധര്‍ പറയുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
നിരവധി ക്വാറികളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പൈക്കാടന്‍ മല എന്നതും കഴിഞ്ഞ പ്രളയ സമയത്ത് ഇവിടെ ഉരുള്‍പൊട്ടലുണ്ടായിരുന്നു എന്നതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നുണ്ട്. വെട്ടുകല്ലുകള്‍ക്ക് അടിഭാഗത്തായി കാണപ്പെടുന്ന കളിമണ്ണില്‍ നിന്ന് വെള്ളം താഴോട്ട് ഇറക്കുന്നതിനുള്ള തടസം മുകള്‍ ഭാഗത്തേക്ക് നല്‍കുന്ന സമ്മര്‍ദ്ധമാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് പ്രധാന കാരണം.