ബെംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.
ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. അതിനിടെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് മടങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി.
മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്.
മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.