കൊച്ചി:യുവതാരങ്ങളായ എസ്തർ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പരിപാടിയിലെ കഥാപാത്രമായി പെരുമാറുകയായിരുന്നുവെന്നും സ്നേഹ പറയുന്നു. സ്നേഹ ശ്രീകുമാറും രശ്മി അനിലും അവതാരകരായി എത്തുന്ന പരിപാടിയിലെ പരാമർശങ്ങളാണ് വിവാദമായത്. വിഷയത്തിൽ സ്നേഹയ്ക്കെതിരെ പ്രതികരിച്ച് ശ്രിന്ദയും എസ്തറും രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു ഇരുനടിമാരുടെയും പ്രതികരണം
സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പ്:
സ്‌നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപാത്രങ്ങള്‍ പറയുന്നത്.
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ! അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.
എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ച് അവര്‍ പറയുമ്പോള്‍, ആ സ്റ്റോറിയുടെ അവസാനം 7 മിനുട്ട് സമയമെടുത്തു ജമാലു പറയുന്നത്, ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.
പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്. വിഡിയോ മുഴുവനായി അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ ആസ്വദിക്കാറുമുണ്ട്. ഈ വിഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നതാണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്.
വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട് എന്നായിരുന്നു എപ്പിസോഡിനെതിരെ എസ്തറും രംഗത്തെത്തിയിരുന്നു.എത്ര കാലം ഇതെല്ലാം കണ്ട് താന്‍ മിണ്ടാതെ ഇരിക്കണമെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തിരിക്കുന്ന താരങ്ങളെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വിമര്‍ശനം. എന്തുകൊണ്ട് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. സ്‌നേഹ ശ്രീകുമാര്‍, കൈരളി ടിവി, ആല്‍ബി ഫ്രാന്‍സിസ്, രശ്മി അനില്‍കുമാര്‍ നിങ്ങളെല്ലാം വെറും ഷിറ്റ് ആണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എസ്തര്‍ കുറിച്ചു. അതേസമയം പരിപാടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്ക ഒന്ന് കൂടെ കടുത്തിരിക്കുകയാണ്.
എസ്തറിനെ കൂടാതെ ശ്രിന്ദ, ഗോപിക രമേശ് എന്നിവരുടെ ഫോട്ടോഷൂട്ടുകള്‍ക്കെതിരെയായിരുന്നു പരിപാടിയില്‍ മോശം പരാമര്‍ശങ്ങളുണ്ടായത്. ശ്രിന്ദ രൂക്ഷ പ്രതികരണമാണ് ഈ പരിപാടിക്കെതിരെ നടത്തിയത്. ഇത് 2021 ആണ്. ഈ വക വൃത്തിക്കേടുകളൊന്നും ഇനിയും ഓടില്ല. ടോക്‌സിക്കായിട്ടുള്ള സ്വഭാവങ്ങളും കാഴ്ച്ചപ്പാടും എല്ലാവരും മറക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ അവകാശങ്ങള്‍ക്കായി പൊരുതുന്ന സമയത്താണ് ഇത്തരം കാര്യങ്ങള്‍ വരുന്നത്. രണ്ടായിരം ചുവട് പിന്നിലേക്കാണ് നമ്മള്‍ ഇതിലൂടെ പോകുന്നത്. സത്യത്തില്‍ ഇതിനൊന്നും ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്‍പര്യമില്ല. ഇത് എന്നേക്കാള്‍ വലുതായത് കൊണ്ട് മാത്രമാണ് മറുപടി നല്‍കിയതെന്നും ശ്രിന്ദ പറഞ്ഞു.
എന്ത് ധരിക്കണമെന്നും, എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈല്‍ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല പറയേണ്ടത്. ആര്‍ക്ക് വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും വേണ്ടപ്പെട്ടതുമായ കാര്യങ്ങള്‍ നിര്‍ത്തില്ല. ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും ശ്രിന്ദ പറഞ്ഞു. അതേസമയം യൂ ആര്‍ ഓല്‍ സോ ഫുള്‍ ഓഫ് ഷിറ്റ് എന്ന എസ്തറിന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്. ഇത് അവര്‍ മാത്രമല്ലെന്ന് അറിയാം. ഒരുപാട് പേരുണ്ട്. എന്നെ വെറുക്കുന്ന അപമാനിക്കുന്ന, തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍. നിങ്ങള്‍ക്കെല്ലാം വേണ്ടി എന്ന് പറഞ്ഞ് തന്റെ അച്ഛന്റെ മെസേജും എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.
എനിക്ക് എന്റെ എസ്തറിനെ അറിയാമെന്നും, ഈ സാഹചര്യമൊക്കെ നേരിടാനുള്ള ധൈര്യം അവള്‍ക്കുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതെന്റെ പിതാവാണെന്നും എസ്തര്‍ പറയുന്നുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗോപിക രമേശും കൈരളി ടിവിയിലെ പരിപാടിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. അവരും മറുപടിയുമായി രംഗത്ത് വന്നിരുന്നു.സിനിമാ പ്രവര്‍ത്തകനായ അമല്‍രാജ് അതിരൂക്ഷമായിട്ടാണ് പ്രതികരിച്ച്. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തിക്കെട്ട വേര്‍ഷന്‍ ഇപ്പോ കാണുന്നത് കൈരളി ടിവിയിലെ ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമിലൂടെയാണെന്ന് അമല്‍രാജ് പറഞ്ഞു.
എസ്തറിനോടായും അമല്‍ ചിലത് പറഞ്ഞിരുന്നു. വലുതായി എന്നായി കാണിക്കാന്‍ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നതെന്നാണ് ഇവരുടെ ഭാഷ്യം. എന്റെ പൊന്ന് ഊളകളെ മനുഷ്യരാവുമ്പോള്‍ വര്‍ഷം ചെല്ലും തോറും പ്രായം കൂടും. ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ ആ കൊച്ച് ചെറിയ കുട്ടിയായിരുന്നു എന്ന് കരുതി എല്ലാ കാലത്തും അങ്ങനെ തന്നെ ഇരിക്കണം എന്ന നിഷ്‌കളങ്കമായ ചിന്തയാണോ ഈ സ്‌റ്റേറ്റ്‌മെന്റിന് പിന്നില്‍? അല്ലെന്ന് പകല്‍ പോലെ വ്യക്തമാണെന്നും അമല്‍ പറയുന്നു. എന്തായാലും ഒരല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വൃത്തികേടുകള്‍ ഇനിയെങ്കിലും ഇങ്ങനെ എവിടെ ശര്‍ദ്ധിച്ച് വെക്കരുതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.