CrimeNews

അടച്ചിട്ട എ.സി മുറിയില്‍ പാമ്പു കടന്നതെങ്ങിനെ?ഒന്നിച്ചുകിടന്ന ദമ്പതികളില്‍ ഭാര്യയെ മാത്രം വിഷം തീണ്ടിയതെന്തുകൊണ്ട്? അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം:അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയുടെ മരണത്തിലാണ് അന്വേഷണം ആരംഭിച്ചത്. റൂറല്‍ പോലിസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍ ഉത്രയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

ഉത്രയ്ക്ക് പാമ്പ് കടിയേറ്റ കിടപ്പുമുറിയും വീടും പരിസരവും അന്വേഷണ സംഘം പരിശോധിച്ചു. മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. എന്നാല്‍ അന്വേഷണമല്ലെന്നും പരാതിയിലുള്ള പ്രാഥമികമായ വിവരങ്ങള്‍ തേടുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സൂരജിനൊപ്പം ഉറങ്ങിക്കിടന്ന ഉത്രയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോള്‍ മകള്‍ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടതുകൈയില്‍ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു.വീട്ടിലെത്തി ഉത്രയും ഭര്‍ത്താവും കിടന്ന മുറി പരിശോധിച്ചപ്പോള്‍ മൂര്‍ഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു. രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

നേരത്തെ ഒരു തവണയും പാമ്പുകടിയേറ്റ് ഉത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍െവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.വിശദമായ പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേയാണ് രണ്ടാമത് മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്.

മരണത്തിന് കാരണമായ രണ്ടാമത്തെ് പാമ്പുകടിയേറ്റ ദിവസം ദമ്പതികള്‍ എ.സി. മുറിയില്‍ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒന്‍പതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകള്‍ അടച്ചിരുന്നു.പിന്നീട് ഭര്‍ത്താവ് സൂരജാണ് ജനാലകള്‍ തുറന്നിട്ടത്.ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും ഉത്രയുടെ മാതാപിതാക്കള്‍ ആരോപിയ്ക്കുന്നു.

കുറച്ചുനാള്‍മുമ്പ് ഭര്‍ത്തൃവീടിന്റെ മുകള്‍നിലയില്‍ ഒരു പാമ്പ് കിടക്കുന്നതുകണ്ട് ഉത്ര ബഹളംെവച്ചപ്പോള്‍ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകള്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാന്‍ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.ചില പാമ്പു പിടുത്തക്കാരുമായി സൂരജിന് ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker