ന്യൂഡൽഹി:കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്ക് അമേഠിയില്‍ തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 81,000 വോട്ടിന്റെ ലീഡില്‍ പിന്നിലുള്ള സ്മൃതിയുടെ പരാജയം ഉറപ്പിച്ചുകഴിഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നിരന്തരം രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ സ്മൃതി ഇറാനിക്ക് നേരിട്ട തിരിച്ചടി ബിജെപി കേന്ദ്രത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തില്‍ വൈകാരിക ഇടമുള്ള അമേഠി പിടിച്ചെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിലാണ് കോണ്‍ഗ്രസ്.
അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് നിന്നും കോണ്‍ഗ്രസും ഒരു പരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്റു കുടുംബത്തിന്റെ കൈ പിടിക്കുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യമില്ലാതെ നടന്ന തിരഞ്ഞെടുപ്പുകള്‍ വിരളമാണ്. അങ്ങനെയിരിക്കെയാണ് സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയെ ഇത്തവണ അപ്രതീക്ഷിതമായി കളത്തിലിറക്കുന്നത്. മികച്ച സംഘടനാ പാഠവമുള്ള കിഷോരി ലാലിന് പ്രാദേശിക തലത്തില്‍ സ്വാധീനമുണ്ട്.
രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി അമേഠിയിലെത്തിയതായിരുന്നു കിശോരി ലാല്‍. പിന്നീട് 1999ല്‍ സോണിയ ഇവിടെ മത്സരിക്കാനെത്തിയപ്പോഴും വിശ്വസ്തനായി തുടരുകയായിരുന്നു. സോണിയയുടെ അഭാവത്തില്‍ മണ്ഡലത്തില്‍ ജനപ്രതിനിധിയുടെ പ്രതിപുരുഷനായി നിറഞ്ഞ് നിന്നതും കിശോരി ലാലായിരുന്നു. എന്നാല്‍ തനിക്ക് പറ്റിയ എതിരാളിയല്ല കിഷോരി ലാല്‍ എന്ന പ്രതീതിയായിരുന്നു സ്മൃതി ഇറാനി മണ്ഡലത്തില്‍ പ്രചരിപ്പിച്ചത്. ഇതിനെ മറികടന്നാണ് കിഷോരിയുടെ ലീഡ് കുതിക്കുന്നത്.
2004 ലാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നിന്നും ആദ്യമായി വിജയിച്ചത്. 2009 ലും 2015 ലും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ മത്സരരംഗത്തിറങ്ങിയതിന് ശേഷം ലഭിച്ച ഏറ്റവും കുറവ് ഭൂരിപക്ഷത്തിനായിരുന്നു 2014 ലെ രാഹുലിന്റെ വിജയം. അന്ന് സ്മൃതി ഇറാനിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
2019ല്‍ കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് അടിപതറി. എസ്പിയും ബിഎസ്പിയും പിന്തുണച്ചിട്ടും അമേഠി രാഹുലിനെ പിന്തുണച്ചില്ല. സ്മൃതി ഇറാനിയോടായിരുന്നു പരാജയം രുചിച്ചത്.