കൊച്ചി:മദ്യത്തിന്റെ മണമുണ്ടെന്നതു കൊണ്ടുമാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാനായി, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് കൊല്ലം സ്വദേശി സലിംകുമാറിനെതിരേ പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണിത്.
2013 ഫെബ്രുവരി 26-നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് വിളിച്ചതിനെത്തുടർന്ന് പ്രതിയെ തിരിച്ചറിയാനായി സ്റ്റേഷനിൽ എത്തിയതായിരുന്നു വില്ലേജ് അസിസ്റ്റന്റ് സലിം കുമാർ. പക്ഷേ, പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് തനിക്കെതിരേ കള്ളക്കേസെടുത്തെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
ഹർജിക്കാരൻ മദ്യപിച്ചിരുന്നെന്ന് സമ്മതിച്ചാൽതന്നെ പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഷനിലെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ആനിലയ്ക്ക് പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നു പറയാനാവില്ല. സ്വകാര്യസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരമല്ല. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയതായി രേഖകളില്ല. ആൽകോമീറ്റർ ഉപയോഗിച്ചു പരിശോധിച്ചുവെന്ന് മാത്രമാണ് പറയുന്നത്. മദ്യത്തിന്റെ മണമുണ്ടെന്ന ഒറ്റക്കാരണത്താൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്ന് ജസ്റ്റിസ് സോഫി തോമസ് അഭിപ്രായപ്പെട്ടു.
ഹർജിക്കാരനെതിരേ കാസർകോട് ബദിയഡുക്ക പോലീസ് രജിസ്റ്റർചെയ്ത കേസും സിംഗിൾ ബെഞ്ച് റദ്ദാക്കി.