തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം. അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ നടപടി.
ഇനിമുതല്‍ ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ജോലിസംബന്ധമായും മറ്റും ലൈസന്‍സ്/ആര്‍.സി. ഹാജരാക്കേണ്ടവര്‍ക്ക് മുന്‍ഗണനാക്രമം നോക്കാതെ സ്മാര്‍ട്ട് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് തപാല്‍മാര്‍ഗം അയച്ചുകൊടുക്കുന്നുണ്ട്.
ഇതിനായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസ്, പ്രിന്റിങ് സ്റ്റേഷന്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കുന്നു. എന്നാല്‍ പലപ്പോഴും ഏജന്റുമാരാണ് ഇ-മെയില്‍ അപേക്ഷകള്‍ അയക്കുന്നത്. അത് തടയുകയാണ് ലക്ഷ്യം.
ആര്‍.സി./ലൈസന്‍സുകള്‍ പ്രത്യേക പരിഗണന നല്‍കി വേഗത്തില്‍ പ്രിന്റ് ചെയ്ത് ലഭിക്കാന്‍ അപേക്ഷകരോ അപേക്ഷകര്‍ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധുക്കളോ ആര്‍.ടി., സബ് ആര്‍.ടി. ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം.
ഓഫീസ് മേധാവി പരിശോധിച്ച് ബോധ്യപ്പെടണം. ഇതിനുശേഷം എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ഇ-മെയില്‍ അയക്കും. അവിടത്തെ ശുപാര്‍ശയോടുകൂടി മാത്രമെ പ്രിന്റിങ് സെന്ററിലേക്ക് മെയില്‍ അയക്കാവൂ. അത് മാത്രമാണ് പരിഗണിക്കുക.