ബാംഗളൂര്‍: ഉപയോഗിച്ച ശേഷം തിരികെ വെച്ച സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. 52 കാരി അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബാംഗളൂര്‍ ജിവന്‍ഭീമാനനഗറില്‍ താമസിക്കുന്ന സീമ അഗര്‍വാള്‍ എന്ന സ്ത്രീയുടെ സാംസങ് ഗാലക്സി എസ്7 എഡ്ജ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ ഉപയോഗിച്ച് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങി 15 സെക്കന്‍ഡിന് ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സീമ പറഞ്ഞു. തുടര്‍ന്ന് യുഎസിലുള്ള മകളെ വിവരമറിയിക്കുകയും ബാംഗളൂരുവിലുള്ള അവരുടെ സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്.
വീടിനു സമീപത്തുള്ള സാംസങ് സര്‍വ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവര്‍ കൈയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ അവനുവദിച്ചില്ലെന്നും സീമ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കി. പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവില്‍ നിന്നേറ്റ അമിത ചൂടാവാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണെന്നാണ് കമ്പനി അറിയിച്ചത്.
കമ്പനി പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക് ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും സീമ അഗര്‍വാള്‍ പറഞ്ഞു. വാങ്ങിയതു മുതല്‍ ഫോണിന്റെ ഒറിജിനല്‍ ചാര്‍ജ്ജര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുവരെ കേടാവാത്തതിനാല്‍ സര്‍വ്വീസ് സെന്ററില്‍ കൊടുത്തിട്ടുമില്ലെന്നും അവര്‍ പറഞ്ഞു.