ചെന്നൈ:തമിഴ്‌നാട്ടില്‍ അപകീര്‍ത്തി ട്വീറ്റുകള്‍ പങ്കുവെച്ചെന്ന കേസില്‍ ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍. ഉമാ ഗാര്‍ഗിയെയാണ് കോയമ്പത്തൂരില്‍ നിന്ന് സൈബര്‍ ക്രൈം ടീം പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ പെരിയാര്‍, മുന്‍ മുഖ്യമന്ത്രി എം കരുണാനിധി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്കെതിരെയാണ് ഇവര്‍ പോസ്റ്റുകള്‍ പങ്കുവെച്ചത്. ഡിഎംകെയുടെ ഐടി വിംഗ് കോഓര്‍ഡിനേറ്റര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
പെരിയാര്‍, എം കരുണാനിധി, എംകെ സ്റ്റാലിന്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പൊതുജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പോസ്റ്റ് ചെയ്തതാണെന്ന് ഹരീഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
അറസ്റ്റിന് പിന്നാലെ പൊലീസ് നടപടിയെ ബിജെപി അപലപിച്ചു. ഇത് ഡിഎംകെയുടെ ഭീരുത്വം വിളിച്ചറിയിക്കുന്നതാണെന്ന് ബിജെപി കോയമ്പത്തൂര്‍ ജില്ലാ മേധാവി ബാലാജി ഉത്തമ രാമസാമി പറഞ്ഞു.
‘ഇത് ഡിഎംകെയുടെ ഭീരുത്വം മാത്രമാണ് കാണിക്കുന്നത്. എന്‍.സി.ഡബ്ല്യു അംഗത്തിനെതിരെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ നടപടിയുണ്ടായില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ഉള്ളടക്കം നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതിനാല്‍ ആളുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ ഉപയോഗിക്കുന്നു.
ഇത്തരം അറസ്റ്റുകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല,” അദ്ദേഹം പറഞ്ഞു. ഇതൊക്കെ കേന്ദ്രവും കോടതിയും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”കലൈഞ്ജറെക്കുറിച്ച് അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറ്റം തെളിയിക്കുക. പോസ്റ്റ് ശരിയാണെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. അദ്ദേഹം അഴിമതിക്കാരനായിരുന്നു,” ബാലാജി ഉത്തമ രാമസാമി പറഞ്ഞു.