കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു.
പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം വളപ്പിക്കടവ് കൊച്ചുതറയിൽ കെ.എ. സുരേഷ് ബാബു (62), സൂരജ് ബാബു (34), പൂണിത്തുറ അയ്യങ്കാളി റോഡ് കളത്തിപ്പറമ്പിൽ സൂരജ് (36), എരൂർ കൊപ്പറമ്പ് പുളിക്കൽ ബൈജു (38), പൂണിത്തുറ കളത്തിപ്പറമ്പിൽ സനീഷ് (39), മരട് മഠത്തിൽ എൻ.കെ. സുനിൽകുമാർ (44) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ പേട്ട ജങ്ഷനിലായിരുന്നു സി.പി.എം. പ്രവർത്തകർ തമ്മിൽ അടിപിടി ഉണ്ടായത്. ഇതിൽ പാർട്ടി ലോക്കൽ സെക്രട്ടറി പി.ആർ. സത്യൻ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിരുന്നു. ഔദ്യോഗികപക്ഷത്തിന് എതിരേ നിൽക്കുന്നവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ രണ്ടരമണിയോടെ വീടുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പൂണിത്തുറ ലോക്കൽ കമ്മിറ്റിയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കങ്ങളാണ് നടുറോഡിലെ തുറന്ന പോരിലേക്കെത്തിയത്. പാർട്ടി ലോക്കൽ കമ്മിറ്റിയിലും തർക്കങ്ങൾ ഉണ്ടായിരുന്നു. സംഘട്ടനത്തേത്തുടർന്ന് ഇരുപക്ഷത്തുള്ളവർക്കും പരിക്കേറ്റിരുന്നു.
ലോക്കൽ കമ്മിറ്റിയിൽ 17 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 16 ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞു. ഗാന്ധിസ്ക്വയർ ബ്രാഞ്ച് സമ്മേളനം 9-ന് നടക്കും. പൂണിത്തുറ ലോക്കൽ സമ്മേളനം 22, 23 തീയതികളിൽ പൂണിത്തുറയിലാണ് നടക്കുന്നത്. പേട്ടയിലെ തമ്മിലടി സമ്മേളനത്തിൽ ചർച്ചയാകും.