നീലഗിരി: വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. അനുമതിയില്ലാതെ നടത്തിയ വിവാഹ പരിപാടികള്‍ വഴിയാണ് ജില്ലയിലെ ഊട്ടി മുള്ളിയൂര്‍, ഓരനള്ളി പ്രദേശങ്ങളില്‍ കൊവിഡ് ബാധിച്ചത്.
വിവാഹങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കളക്ടര്‍ ഇന്നസന്റ് ദിവ്യ അറിയിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ പകര്‍ച്ച വ്യാധി നിയമ പ്രകാരം കേസ് എടുക്കും. 6 മാസം വരെ ശിക്ഷ ലഭിക്കും.
പൊതു സ്ഥലങ്ങളില്‍ തുപ്പിയാല്‍ 1000 രൂപ പിഴ ഈടാക്കും. വിവാഹ നിശ്ചയമുള്‍പ്പെടെ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ വീടുകളില്‍ നടത്തരുത്. വിവാഹത്തിന് പങ്കെടുക്കുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തി പേരു വിവരങ്ങള്‍ കലക്ടറേറ്റില്‍ നല്‍കണം. കലക്ടറേറ്റില്‍ നിന്നുള്ള അനുമതിയില്ലാതെ പരിപാടികള്‍ നടത്തിയാല്‍ ദുരന്ത നിവാരണ നിയമത്തില്‍ കീഴില്‍ നടപടി സ്വീകരിക്കും.
കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടവരും കോവിഡ് ടെസ്റ്റിനായി സ്രവ സാംപിള്‍ എടുത്തവരും പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തണം. രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.