33.4 C
Kottayam
Sunday, May 5, 2024

Crime:ഹൈവേ കവര്‍ച്ച; കാറും രണ്ടുകോടിയും തട്ടിയെടുത്തു, ആറ് മലയാളികൾ പിടിയിൽ

Must read

ഈറോഡ്: ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കേസില്‍ മലയാളികളായ ആറുപേരെ ഈറോഡ് പോലീസ് അറസ്റ്റുചെയ്തു.ജയന്‍ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31), എ. മുജീബ് റഹ്‌മാന്‍ (45) എന്നിവരെയാണ് സിത്തോട് പോലീസ് അറസ്റ്റുചെയ്തത്.

21-ന് നെല്ലൂര്‍ സ്വദേശി വികാസ് കാറില്‍ കോയമ്പത്തൂരിലേക്കുവരുമ്പോള്‍ ദേശീയപാതയില്‍ ഭവാനിക്കുസമീപം മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, കാറിലുണ്ടായിരുന്ന രണ്ടുകോടിരൂപയും വണ്ടിയുമെടുത്ത് അക്രമിസംഘം കടന്നുകളഞ്ഞു.ഉടന്‍തന്നെ വികാസ് സമീപത്തെ സിത്തോട് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ അന്നുതന്നെ സിത്തോട് ഭാഗത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തി. എന്നാല്‍, പ്രതികളെ കിട്ടിയില്ല.

കഴിഞ്ഞദിവസം രാവിലെ സിത്തോട് ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയകരമായി കണ്ട കാര്‍ പരിശോധിച്ചു. വണ്ടിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സ്റ്റിക്കറും വാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളും 20,000 രൂപയും കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് 21-ലെ കവര്‍ച്ചയുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

21-ന് ഭവാനി ലക്ഷ്മിനഗര്‍ ഭാഗത്തുവെച്ച് വികാസിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിച്ചെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മറ്റൊരു കവര്‍ച്ചയ്ക്കുപോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week