NationalNewsPolitics

മോദിയ്ക്കെതിരായ ബിബിസി ഡോക്യുമെന്ററി വിലക്ക്, അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും സർക്കാരിന് ഒളിക്കാനുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു. ഡോക്യുമെൻററിയെ കേന്ദ്ര സർക്കാർ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബിയും പ്രതികരിച്ചു.

അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെൻററിയെ എതിർക്കാൻ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി. ആരും വെളിപ്പെടുത്താത്ത കാര്യങ്ങളല്ല ഡോക്യുമെന്ററിയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻററിയുടെ അപ്രഖ്യാപിത വിലക്കിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ നേതൃത്വം നൽകുന്ന സർവകലാശാലകളിൽ പ്രദർശനം നടക്കുകയാണ്. സർവകലാശാല വിലക്ക് മറികടന്ന് ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻറെ തീരുമാനം. വിവാദങ്ങൾക്കിടെ ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും.

യുകെ സമയം രാത്രി ഒൻപത് മണിക്ക് ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസർക്കാർ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാർ പറയുന്നതാണ് ചിലർക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവർക്ക് വിഷയമല്ലെന്നും നിയമ മന്ത്രി കിരൺ റിജിജു വിമർശിച്ചു.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇന്നലെ രാത്രി വിവാദ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. രാജ്യത്താദ്യമായാണ് ഒരു സർവകലാശാലയിൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഡോക്യുമെൻററിയുടെ പ്രദർശനം നടന്നത്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് ഡോക്യുമെൻററി പ്രദർശിപ്പിച്ചതെന്നാരോപിച്ച് എബിവിപി പൊലീസിൽ പരാതി നൽകി.

എന്നാൽ സമൂഹമാധ്യമങ്ങളിൽ മാത്രമാണ് നിരോധനമെന്നും രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഡോക്യുമെൻററി പ്രദർശിപ്പിക്കരുതെന്ന് പറയാൻ എബിവിപി ആരാണെന്നുമാണ് ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻറെ ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker