കോട്ടയം: കേരളം 28 വര്‍ഷങ്ങള്‍ കാത്തിരുന്ന കേസില്‍ വിധി വന്നതോടെ സിസ്റ്റര്‍ അഭയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ്. കുറ്റം ചെയ്തവര്‍ ഏത് കാലത്താണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന ബോധ്യം ഒരിക്കല്‍ കൂടി ബോധ്യമാക്കുന്നതാണ് വിധി. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതാണെന്നും കുറ്റക്കാര്‍ സിസ്റ്റര്‍ സെഫിയും ഫാദര്‍ ജോസഫ് എം കോട്ടൂരുമാണെന്ന് കോടതിക്ക് വ്യക്തമായെന്ന് വിധി.
അതേസമയം, അഭയയുടെത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ അവിശ്വസനീയമായ നീക്കങ്ങളാണ് നടത്തിയത്. സിസ്റ്ററും ഫാദറും തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ തുടക്കം മുതല്‍ വാദിച്ചത്. സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പ്രധാന വാദം നടത്തിയത്. പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്ത ശേഷം സി.ബി.ഐ 2008 നവംബര്‍ 25ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇത് തെളിയുകയും ചെയ്തു.
പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.