കോട്ടയം: മാടപ്പള്ളിയിൽ കെ റെയിൽ (K Rail) കല്ലിടൽ തടഞ്ഞ നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു. അറസ്റ്റിലായ മൂന്ന് പേരെയും വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കല്ലിടലിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് പൊലീസ് സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയച്ചിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരല്ലെന്നും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സമരക്കാർ പറഞ്ഞു.
മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമjക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോഗം വേണ്ടിവന്നത്.
മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോഗിച്ച് നീക്കിയത്.