ലക്നൗ: പഞ്ചാബ് കോൺഗ്രസ്(പിസിസി) അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പഞ്ചാബിന്റെ ഭാവിയിൽ ഒത്തുതീർപ്പിനില്ല എന്ന് സിദ്ദു വ്യക്തമാക്കുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.
പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീർപ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തിൽ പറയുന്നുണ്ട്.
സിദ്ദു ചുമതലയേറ്റ് രണ്ട് മാസം തികയുന്നതിനിടെ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നു. സിദ്ദുവിനെതിരേ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടുകൊണ്ടാണ് അമരീന്ദർ പദവി ഒഴിഞ്ഞത്.
— Navjot Singh Sidhu (@sherryontopp) September 28, 2021
വ്രണിതഹൃദയനായ അമരീന്ദർ ഇന്ന് ഡൽഹിക്ക് തിരിച്ചതിന് പിന്നാലെയാണ് സിദ്ദുവും സ്ഥാനം രാജിവച്ചിരിക്കുന്നത്. അമരീന്ദറിനെ മാറ്റിയ ഹൈക്കമാൻഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരൺജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയത്. ഇതാണോ പെട്ടെന്നുള്ള രാജിക്ക് കാരണമെന്ന് വ്യക്തമല്ല.