KeralaNews

സിദ്ധാർഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്‌പെൻഷൻ; വിശദീകരണം തൃപ്തികരമല്ലെന്ന് വി.സി

കല്‍പറ്റ: വെറ്റിനറി കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍.

വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രനാണ് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ഇരുവരോടും വി.സി വിശദീകരണം തേടിയിരുന്നു.

വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീന്‍ എം.കെ. നാരായണന്‍ മറുപടിയില്‍ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വി.സി.ചൂണ്ടിക്കാട്ടി.ആശുപത്രിയില്‍വെച്ച് സിദ്ധാര്‍ഥന്റെ മരണം സ്ഥിരീകരിച്ച് പത്തു മിനിറ്റിനുള്ളില്‍ത്തന്നെ സിദ്ധാര്‍ഥന്റെ അമ്മാവനെ വിവരമറിയിച്ചിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഡീന്‍ എം.കെ. നാരായണന്‍ മാധ്യമങ്ങേളാട് പറഞ്ഞിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഒരു കെഎസ്‌യു പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഉത്തരമേഖലാ ഡിഐജി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. നടുറോഡില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button