EntertainmentKeralaNews

ഒരു കോടി കടമുണ്ടായിരുന്ന അമ്മ, ഓടി നടന്ന് ജോലിയെടുത്തു വീട്ടി; ലളിതയെക്കുറിച്ച് സിദ്ധാര്‍ത്ഥ്‌

കൊച്ചി:മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു കെപിഎസി ലളിത. അമ്മയായും അടുത്ത വീട്ടിലെ ചേച്ചിയായും അമ്മായിയായുമൊക്കെ കെപിഎസി ലളിത എന്ന അതുല്യ പ്രതിഭ മലയാള ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കെപിഎസി ലളിതയുടെ മരണവാര്‍ത്ത മലയാളികള്‍ക്ക് നല്‍കിയത് ഒരിക്കലും നികത്താനാകാത്തൊരു ശൂന്യതയായിരുന്നു.

കെപിഎസി ലളിത എന്ന പ്രതിഭയെക്കുറിച്ചും അമ്മയെക്കുറിച്ചും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ മനസ് തുറക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് മനസ് തുറന്നത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു കെപിഎസി ലളിതയ്ക്ക്. ഇത് അടുത്തു നിന്ന് കണ്ടതാണ് സിദ്ധാര്‍ത്ഥ്. 1998 ല്‍ ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്. അതിനെ എങ്ങനെയാണ് അമ്മ മറി കടന്നതെന്നാണ് താരം പറയുന്നത്.

ഇതൊന്നും മക്കളെ വലുതായി അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു അമ്മ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇതെല്ലാം കണ്ട് അമ്മയുടെ ഫാന്‍ ആയ ആളാണ് താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നാണ് താരം പറയുന്നത്. അമ്മയുടെ ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നുവെന്നും കുതിരയുടെ ഓട്ടംപോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടുപോവുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും താരം പറയുന്നു.

ഒരു സ്ത്രീയുടെ മാത്രം കരുത്താണിത്. ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മ. അടുത്തുനിന്ന് അത് കണ്ട് മനസ്സിലാക്കാന്‍ പറ്റിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ പുതിയ സിനിമയായ ചതുരത്തിലെ കഥാപാത്രത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചത് അമ്മയുടെ ആ ശക്തിയൊക്കെയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്.


അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും സിദ്ധാര്‍ത്ഥ് മനസ് തുറക്കുന്നുണ്ട്. പല അഭിനേതാക്കളും പറയുന്നതാണ് ആ ആഗ്രഹമെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഈയിടെ അലന്‍ ചേട്ടന്‍ (അലന്‍സിയര്‍) അത് പറഞ്ഞപ്പോള്‍ ഞാന്‍ കണക്കിന് കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. ഇത് നാടകക്കാര്‍ക്ക് ഉള്ള ഒരു പ്രത്യേകതരം രോഗമാണോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മരിച്ചാല്‍ ആ നിര്‍മാതാവിന് വരുന്ന നഷ്ടം എത്രയാണ്. അതെന്താ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കാത്തത് എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

അതേസമയം, ഇതൊക്കെ കാല്‍പനികമായി കേള്‍ക്കാന്‍ ഒരു രസമെന്ന് അല്ലാതെ വേറെ അതില്‍ കാര്യമൊന്നുമില്ലെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ അഭിപ്രായം. അമ്മയിത് പറയുമ്പോഴും ഞാനിങ്ങനെതന്നെ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിട്ടുണ്ടെന്നും ഇതിനേക്കാള്‍ നല്ലതല്ലേ ഉറക്കത്തില്‍ മരിക്കുന്നത് . അതൊക്കെ എത്ര സുഖകരമായ മരണമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം ഓര്‍ക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയത് രണ്ട് സിനിമകളാണ് റിലീസ് കാത്തു നില്‍ക്കുന്നത്. സൗബിന്‍ പ്രധാന വേഷത്തിലെത്തുന്ന ജിന്നും റോഷന്‍ മാത്യു, സ്വാസിക തുടങ്ങിയവര്‍ അഭിനയിക്കുന്ന ചതുരവും. രണ്ട് ചിത്രങ്ങളുടേയും ടീസറൊക്കെ ചര്‍ച്ചയായി മാറിയിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ചതുരത്തിന്റെ ടീസര്‍ പുറത്ത് വന്നത്. എ സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന ചതുരത്തില്‍ ശാന്തി ബാലകൃഷ്ണന്‍, അലന്‍സിയര്‍ ലോപ്പസ്, ലിയോണ ലിഷോയ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സൗബിന്റെ വ്യത്യസ്തമായ വേഷവുമായി എത്തുന്ന സിനിമയാണ് ജിന്ന്. ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button