കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കൊല്ലപ്പെടുന്നതിന്റെ മുമ്പ് സിദ്ദിഖും പ്രതികളുമായി മല്‍പിടിത്തം നടന്നതായി സംശയിക്കുന്നു. സിദ്ദിഖിന്റെ ശരീരത്തില്‍ മല്‍പിടിത്തം നടന്നതായുള്ള അടയാളങ്ങളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചിലേറ്റ പരിക്കാകാം മരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നെഞ്ചില്‍ ചവിട്ടിയതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തു ഉപയോഗിച്ച് ഇടിച്ചതോ ആകാമെന്നാണ് പറയുന്നത്. നെഞ്ചിലേറ്റ കനത്ത ആഘാതം മരണത്തിനിടയാക്കിയെന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
മരിച്ച ശേഷമാണ് ശരീരം വെട്ടി മുറിച്ചിട്ടുള്ളത്. വാരിയെല്ല് പൊട്ടിയ നിലയിലായിരുന്നു. തലയക്ക് അടിയേറ്റതിന്റെ പാടുകളുമുണ്ട്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സിദ്ദിഖിന്റെ മൃതശരീരം വെട്ടിമുറിച്ചതെന്നാണ് കരുതുന്നത്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് അട്ടപ്പാടി ചുരത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്ത്. രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാര്‍ മൊഴി നല്‍കുന്നത്. സിദ്ദിഖ് തുക അഡ്വാൻസായി നൽകുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ മൊഴി നൽകി.
മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫർഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫർഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. രണ്ട് മുറികളിൽ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയിൽ പിന്നീട് കസ്റ്റമേഴ്സ് വന്നിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസില്‍ മൊഴി നൽകി.
സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫർഹാന, ആഷിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ചെന്നൈയിൽ പിടിയിലായ ഷിബിലിയെയും ഫർഹാനയെയും രാത്രിയോടെ മലപ്പുറത്ത് എത്തിക്കും. അതേസമയം, കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹം രാത്രിയോടെ സംസ്കരിക്കും.
അടിമുടി ദുരൂഹത നിറഞ്ഞ കൊലപാതകം ചുരുളഴിഞ്ഞത് ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്‍റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ്. 18-ാം തിയതി വൈകീട്ട് മുതൽ സിദ്ദിഖിന്‍റെ ഫോൺ സ്വിച്ച് ഓഫാണ്. വീട്ടിൽ നിന്നും പോയ അന്ന് രാത്രിയാണ് ഫോൺ സ്വിച്ച് ഓഫായത്. പണം പിൻവലിച്ചത് അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മിൽ നിന്നാണ്. അന്ന് തന്നെ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നുവെന്ന് സിദ്ദിഖിന്‍റെ മകൻ പറഞ്ഞു.