കൊച്ചി:മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻമാരിൽ ഒരാളാണ് സിബി മലയിൽ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവച്ച ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പല ചിത്രങ്ങളും സംവിധാനം ചെയ്‌തത് സിബി മലയിലായിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിലെ ഒരു പരാജയ ചിത്രത്തെ കുറിച്ചും, അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സിബി മലയിൽ. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ അത്രയധികം സിനിമകൾ വിജയിക്കാത്ത ഒരു വിഭാഗമായിരുന്നു ഹൊറർ സിനിമകൾ. വളരെ ചുരുക്കം ചിത്രങ്ങൾക്ക് മാത്രമേ സാമ്പത്തിക വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
സിബി മലയിൽ ഒരുക്കിയ ദേവദൂതൻ ഇത്തരത്തിൽ ഒരു ഹൊറർ ചിത്രമായിരുന്നു. ചിത്രം വലിയ പരാജയം ആകുമെന്ന് താൻ ഒരിക്കലും കരുതിയതല്ലെന്ന് സിബി മലയിൽ പറയുന്നു. ഈ അപ്രതീക്ഷിത പരാജയം തന്നെ വല്ലാതെ തളർത്തിയെന്നും, സിനിമ ഉപേക്ഷിക്കണമെന്ന് പോലും തോന്നിയെന്നും സിബി മലയിൽ കൗമുദി മൂവീസിന്റെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഈ സമയത്ത് തന്നെ കരകയറ്റിയത് ദിലീപ് നായകനായി അഭിനയിച്ച ഇഷ്‌ടം എന്ന ചിത്രമാണെന്നും അദ്ദേഹം പറയുന്നു.
‘ദേവദൂതന്റെ പരാജയം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഇനിയും സിനിമകൾ ചെയ്യണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പം നിലനിന്ന സമയമായിരുന്നു അത്. കാരണം അത്രയ്ക്ക് കഷ്‌ടപ്പെട്ടിട്ടാണ് ദേവദൂതൻ ചെയ്‌ത് തീർത്തത്, ഏതാണ്ട് ഒരുവർഷത്തോളം എടുത്താണ് അതിന്റെ തിരക്കഥ പോലും പൂർത്തീകരിച്ചത്’ സിബി മലയിൽ പറഞ്ഞു.
‘ആ ചിത്രത്തിന്റെ പ്രീ പ്രോഡക്‌ഷൻ വർക്കിനും ഒരുപാട് സമയം ചെലവഴിച്ചിരുന്നു. എന്റെ കരിയറിൽ ഏറ്റവും പ്രതീക്ഷയോടെ ചെയ്‌ത് തീർത്ത സിനിമ. അതിന് നേരിടേണ്ടി വന്ന പരാജയം വല്ലാതെ തളർത്തി കളഞ്ഞു. അങ്ങനെ പല പ്രശ്‌നങ്ങളും അലട്ടി കൊണ്ടിരിക്കുന്ന സമയത്താണ് ഇഷ്‌ടം എന്ന സിനിമ എന്നെ തേടി വരുന്നത്’ സിബി മലയിൽ കൂട്ടിച്ചേർത്തു.
സിബി മലയിൽ ഒരുക്കിയ ദേവദൂതൻ മലയാളത്തിലെ വ്യത്യസ്‌തമായ ഒരു ഹൊറർ ചിത്രമായിരുന്നു. രഘുനാഥ് പാലേരി തിരക്കഥ എഴുതിയ ചിത്രത്തിൽ സൂപ്പർ താരം മോഹൻലാൽ ആയിരുന്നു നായകനായി അഭിനയിച്ചത്. കൂടാതെ ജയപ്രദ, മുരളി, ജഗദീഷ്, ജനാർദനൻ, ജഗതി ശ്രീകുമാർ തുടങ്ങിയ വൻ താരനിര തന്നെ അഭിനയിച്ച ചിത്രം പിൽക്കാലത്ത് പ്രേക്ഷകർ ഏറ്റെടുത്തുവെന്നത് ചരിത്രം.