തിരുവനന്തപുരം: നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നതില്‍ വന്‍ക്രമക്കേട്. ഡിപ്പോയില്‍ എത്തിച്ചത് 15,000 ലിറ്ററാണെന്ന് ബില്ലില്‍ കാണിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ടാങ്കറിലുണ്ടായിരുന്നത് 14,000 ലിറ്ററായിരുന്നു. ജീവനക്കാരുടെ ഇടപെടലില്‍ നടത്തിയ പരിശോധനയിലാണ് ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്. സംഭവം വിവാദമായതോടെ ആയിരം ലിറ്റര്‍ ഡീസല്‍ മറ്റൊരു ടാങ്കറില്‍ ഡിപ്പോയില്‍ എത്തിച്ചു.
ഏതാനുംമാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിലെ ബസുകള്‍ക്ക് മൈലേജ് കുറവാണെന്ന പരാതിയുയര്‍ന്നിരുന്നു. ഡ്രൈവര്‍മാരുടെയും മെക്കാനിക്കുകളുടെയും പിടിപ്പുകേടാണ് മൈലേജ് കുറയാന്‍ കാരണമെന്നായിരുന്നു അധികൃതരുടെ കണ്ടെത്തല്‍. ഇതിന് പരിഹാരം കാണാന്‍ ഡ്രൈവര്‍മാര്‍ക്കും മെക്കാനിക്കുകള്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലിന്റെ അളവ് പരിശോധിക്കണമെന്ന് ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇത് ചെവികൊണ്ടിരുന്നില്ല.
നെടുമങ്ങാട് എം.എസ്. ഫ്യൂവല്‍സില്‍നിന്നാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയും കരാറനുസരിച്ച് ഡീസലുമായി ടാങ്കര്‍ ലോറി എത്തി. തുടര്‍ന്ന് ജീവനക്കാര്‍ ഇതിലെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ടാങ്കറില്‍ ആയിരം ലിറ്ററിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയത്.
ടാങ്കറില്‍ കൊണ്ടുവന്നത് 15,000 ലിറ്ററാണെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ടാങ്കറിലെ ഡീസല്‍ അളന്നപ്പോള്‍ 14,000 ലിറ്റര്‍ മാത്രമാണുണ്ടായിരുന്നത്. ഇതിലൂടെ മാത്രം ഏകദേശം 96,000 രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.
കുറച്ചുമാസങ്ങളായി ഇത്തരത്തിലുള്ള ഡീസല്‍ വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. മൈലേജില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍മാര്‍ക്കെതിരേ തിരിയുന്ന അധികൃതര്‍, മാസങ്ങളായി ഡീസല്‍ വെട്ടിപ്പിലൂടെ വന്‍ അഴിമതിയാണ് നടത്തുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.