News

സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്പ്

ന്യൂഡല്‍ഹി: ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവയ്പ് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കര്‍ഷകര്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ആഡംബര കാറിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. ഇന്നലെ അര്‍ധരാത്രി 11.30 മണിയോടെ ടിഡിഐ മാളിനടുത്തായിരുന്നു സംഭവം നടന്നത്. ഭക്ഷണം നല്‍കുന്ന സ്ഥലത്ത് നിന്ന് കഴിച്ചതിന് ശേഷം കാറില്‍ മുന്നോട്ട് പോകവേ വളണ്ടിയര്‍മാരുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.

പിന്നീട് മടങ്ങി വന്ന് വെടിയുതിര്‍ക്കുകയാണ് ഉണ്ടായത്. ചണ്ഡീഗഡ് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് അക്രമി സംഘം എത്തിയത്. വെടിയുണ്ടകള്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. പോലീസില്‍ കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കര്‍ഷക സമരം ഇന്ന് നയിക്കുന്നത് വനിതകളാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് വനിതകള്‍ നേതൃത്വം നല്‍കുന്നത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു 40,000ത്തോളം വനിതകള്‍ ഡല്‍ഹിയിലെത്തും. ഞായറാഴ്ച രാവിലെ തന്നെ വനിതകള്‍ ഡല്‍ഹിയിലേക്ക് യാത്ര ആരംഭിച്ചിരുന്നു.

സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ എത്തുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ വനിതകള്‍ വീടുകളിലേക്ക് മടങ്ങുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button