മുംബൈ:റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിൽ പുതിയ ലാപ്ടോപ്പ് പുറത്തിറക്കി. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പുതിയ ജിയോബുക്ക് (JioBook) വരുന്നത്. ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് ഡിജിബോക്സിൽ 100 ജിബി ക്ലൌഡ് സ്റ്റോറേജും ജിയോ സൌജന്യമായി നൽകുന്നുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ലാപ്ടോപ്പ് ജിയോഒഎസിലാണ് പ്രവർത്തിക്കുന്നത്. ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. 11.6 ഇഞ്ച് ഡിസ്പ്ലെയും ഈ ലാപ്ടോപ്പിലുണ്ട്. ജിയോബുക്കിന്റെ വിലയും സവിശേഷതകളും നോക്കാം.
ജിയോബുക്ക് ലാപ്ടോപ്പിന്റെ ഇന്ത്യയിലെ വില 16,499 രൂപയാണ്. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ലഭിക്കുന്ന 100 ജിബി ഡിജി ബോക്സ് ക്ലൌഡ് സ്റ്റോറേജ് ഒരു വർഷത്തേക്കാണ് ആക്സസ് ചെയ്യാൻ സാധിക്കുന്നത്. പുതിയ ജിയോ ലാപ്‌ടോപ്പിൽ ഒക്ടാ കോർ പ്രോസസറാണുള്ളത്. 4 ജിബി എൽപിഡിഡിആർ 4 റാമുമായി വരുന്ന ഈ ലാപ്ടോപ്പ് സുഗമമായ മൾട്ടിടാസ്കിങ്ങും കാര്യക്ഷമമായ പെർഫോമൻസും നൽകാൻ ഈ ലാപ്ടോപ്പിന് സാധിക്കും. 64 ജിബി സ്റ്റോറേജാണ് ഈ ജിയോബുക്കിലുള്ളത്. എസ്ഡി കാർഡ് സ്ലോട്ട് വഴി ഈ ലാപ്ടോപ്പിലെ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും.
ഇൻഫിനിറ്റി കീബോർഡാണ് ജിയോബുക്ക് ലാപ്ടോപ്പിലുള്ളത്. വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും ഈ ലാപ്ടോപ്പിൽ ജിയോ നൽകിയിട്ടുണ്ട്. ഈ ലാപ്‌ടോപ്പിൽ ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമുണ്ട്. ഉപയോക്താക്കൾക്ക് എക്സ്റ്റേണൽ ഡിവൈസുകളിലേക്കും പെരിഫറലുകളിലേക്കും കണക്റ്റ് ചെയ്യാനുള്ള സൌകര്യം ഈ പോർട്ടുകൾ നൽകുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ കമ്പനിയുടെ ജിയോഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ഇത് മികച്ച യൂസർഫേസ് ഇന്റർഫേസ് നൽകുന്നുണ്ട്.
ജിയോബുക്ക് ലാപ്‌ടോപ്പിൽ 4ജി കണക്റ്റിവിറ്റിക്കും ഡ്യുവൽ-ബാൻഡ് വൈഫൈ സപ്പോർട്ടുമുണ്ട്. ഈ പുതിയ ലാപ്‌ടോപ്പിന് 990 ഗ്രാം ഭാരമാണുള്ളത്. അൾട്രാ തിൻ ആയതും ഭാരം കുറഞ്ഞതുമായ ഡിസൈനാണ് പുതിയ ജിയോബുക്ക് ലാപ്ടോപ്പിലുള്ളത്. 11.6 ഇഞ്ച് കോംപാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ജിയോ നൽകിയിട്ടുള്ളത്. ജിയോബുക്ക് സൌകര്യപ്രദവും പോർട്ടബിളുമാണ് എന്ന് ജിയോ അറിയിച്ചു. ആമസോണിൽ ഈ ലാപ്ടോപ്പിന്റെ പേജ് ലൈവായിട്ടുണ്ട്.
4ജി കണക്റ്റിവിറ്റിക്കും ഒക്ടാ കോർ പ്രോസസറുമായിട്ടാണ് പുതിയ ജിയോബുക്ക് ലാപ്ടോപ്പ് വരുന്നതെന്ന് ആമസോണിലുള്ള പേജിൽ നൽകിയിട്ടുള്ളത്. ഹൈ-ഡെഫനിഷൻ വീഡിയോകളുടെ സ്ട്രീമിങ്, ആപ്പുകൾക്കിടയിൽ മൾട്ടി ടാസ്കിങ്, വിവിധ സോഫ്‌റ്റ്‌വെയർ എന്നിവയെല്ലാം കൈകാര്യം ചെയ്യാൻ ജിയോബുക്ക് ലാപ്ടോപ്പിന് സാധിക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനി പറയുന്നതനുസരിച്ച് ഒരു ദിവസം മുഴുവൻ ബാറ്ററി ബാക്ക്അപ്പ് നൽകാൻ ഈ ലാപ്ടോപ്പിന് സാധിക്കും.
ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന ലാപ്ടോപ്പാണ് ജിയോബുക്ക്. ബ്രൗസിങ്, വിദ്യാഭ്യാസം എന്നിവ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ജിയോബുക്ക് മികച്ച ചോയിസ് തന്നെയായിരിക്കും. മികച്ച കണക്റ്റിവിറ്റിയും സൌകര്യങ്ങളും നൽകുന്ന ലാപ്ടോപ്പാണിത്. പുതിയ ജിയോബുക്ക് ലാപ്‌ടോപ്പ് ഓഗസ്റ്റ് 5ന് വിൽപ്പനയ്‌ക്കെത്തും. ഈ ലാപ്ടോപ്പ് റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്കെത്തും.