ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാട്‌സ്ആപ്പ്; ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് നിരീക്ഷണത്തില്‍!
ന്യൂഡല്‍ഹി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്രായേലി സ്പൈവെയര്‍ പെഗാസസിന്റെ നിരീക്ഷണത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ട് പുറത്ത് വിട്ട് വാട്‌സ്ആപ്പ് കമ്പനി. ഇസ്രായേല്‍ കേന്ദ്രീകരിച്ചുള്ള എന്‍എസ്ഒ ഗ്രൂപ്പാണ് ചാരപ്രവര്‍ത്തനത്തിന് പിന്നിലെന്നാണ് വാട്സാപ്പ് ആരോപണം. സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഫെഡറല്‍ കോടതിയിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്ത ഇസ്രായേലി രഹസ്യാന്വേഷണ എജന്‍സിക്കെതിരെ വാട്സാപ്പിന്റെ ഉടമകളായ ഫേസ്ബുക്ക് അധികൃതര്‍ നേരത്തെ രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് വാട്‌സാപ്പ് അധികൃതരുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയടക്കം ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രായേല്‍ ചാരന്മാരെ നിയോഗിച്ചിരുന്നുവെന്നും 20ലധികം രാജ്യത്തുള്ളവരുടെ ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരീക്ഷിക്കപ്പെട്ടിരുന്നു. അവരുടെ വ്യക്തിഗത വിവരങ്ങളും കൃത്യമായ എണ്ണവും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ അതൊരു ചെറിയ സംഖ്യയല്ലെന്ന് പറയാന്‍ കഴിയും. ഇസ്രായേല്‍ കേന്ദ്രീകരിച്ചുള്ള എന്‍എസ്ഒ ഗ്രൂപ്പ് ആണ് ഇതിന് പിന്നില്‍. 1,400 വാട്‌സാപ്പ് ഉപയോക്താക്കളെയായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. വാട്സ്ആപ്പ് ഡയറക്ടര്‍ കാള്‍ വൂഗ് (കമ്മ്യൂണിക്കേഷന്‍സ്) വെളിപ്പെടുത്തി.
അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി തന്നെ നേരിടുമെന്നും എന്‍എസ്ഒ ഗ്രൂപ്പ് പ്രതികരിച്ചു. പെഗാസസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായി ഉപയോഗിക്കുന്നതിന് രൂപകല്‍പ്പന ചെയ്തതോ അതിന് ലൈസന്‍സുള്ളതോ അല്ലെന്നും എന്‍എസ്ഒ പ്രസ്താവനയിലൂടെ അറിയിച്ചു.