വാഷിംഗ്ടണ്‍: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യന്തം അപകടകാരിയായ വകഭേദം ചിക്കന്‍ പോക്‌സ് പോലെ പടരുമെന്നാണ് അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിലെ വിദഗ്ദരെ ഉദ്ധരിച്ച് യുഎസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരിലും അല്ലാത്തവരിലും ഡെല്‍റ്റ വകഭേദം ഒരുപോലെ പടരുമെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രെവെന്‍ഷന്റെ രേഖകള്‍ പുറത്തുവിട്ട് ദി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വ്യക്തമാക്കുന്നു. അതേസമയം, ഡെല്‍റ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മെര്‍സ്, സാര്‍സ്, എബോള തുടങ്ങിയ രോഗങ്ങളെക്കാള്‍ രോഗവ്യാപന ശേഷി ഡെല്‍റ്റ വകഭേദത്തിനുണ്ടാകുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആഴ്ചതോറും അമേരിക്കയിലെ വാക്‌സിനെടുത്ത 35,000 പേരില്‍ രോഗലക്ഷണങ്ങളോടെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ട്. യഥാര്‍ത്ഥ രോഗബാധ ഇതിലും കൂടുതലാകാനാണ് സാധ്യത. എന്നാല്‍ വാക്‌സിനുകള്‍ ഗുരുതര രോഗബാധ ഒഴിവാക്കാന്‍ സഹായിക്കുമെന്നും രോഗപ്പകര്‍ച്ച തടയാന്‍ വാക്‌സിന് പരിമിതിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.