കോഴിക്കോട്: സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ബി ജെ പി ശ്രമം. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ചുമതല ശോഭ സുരേന്ദ്രന് നല്‍കി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭ സുരേന്ദ്രനെ നിയമിച്ചത്. സംസ്ഥാന നേതൃത്വത്തിന് എതിരെ ദേശീയ നേതൃത്വത്തോട് ശോഭ പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കര്‍ അടക്കം ഇടപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭ സുരേന്ദ്രനെ നിയമിച്ചിരിക്കുന്നത്. തന്നെ അവഗണിക്കുന്നുവെന്നും ചുമതലകള്‍ നല്‍കുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ പരാതിപ്പെട്ടിരുന്നു. പലകുറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ ശോഭ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. പിന്നീട് ദേശീയ നേതൃത്വം ഇടപെട്ട് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും എതിരെ പലപ്പോഴും ഒളിയമ്പുമായി ശോഭ രംഗത്തെത്തിയിരുന്നു. അതിനാല്‍ തന്നെ ശോഭയെ മാറ്റി നിര്‍ത്തുകയായിരുന്നു സംസ്ഥാന നേതൃത്വം ചെയ്തിരുന്നത്.
അടുത്തിടെ പി കെ കൃഷ്ണദാസ് പക്ഷം ശോഭ സുരേന്ദ്രന് പിന്തുണ നല്‍കിയിരുന്നു. ശോഭയ്ക്ക് അവഗണന നിലനില്‍ക്കെ തന്നെ കൃഷ്ണദാസ് പക്ഷത്തിന് മേല്‍ക്കൈ ഉള്ള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിപാടിയില്‍ ശോഭയെ പങ്കെടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൃഷ്ണദാസുമായി ശോഭ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി തന്നെയാണ് ശോഭയെ സംസ്ഥാന നേതൃത്വം നിയമിച്ചിരിക്കുന്നത് എന്നതാണ് കൗതുകം.
ജില്ലയിലെ നേതാക്കളുടെ പിന്തുണ ശോഭ സുരേന്ദ്രന് ലഭിക്കും എന്ന് ഉറപ്പാണ്. അതേസമയം കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന കെ ശ്രീകാന്ത് കണ്ണൂര്‍ പ്രഭാരിയാകും. കോഴിക്കോട്ടുകാരനായ സംസ്ഥാന വൈസ്പ്രസിഡന്റ് പി രഘുനാഥിന് ആണ് പാലക്കാടിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കെ പി പ്രകാശ്ബാബുവിന് കോട്ടയത്തിന്റെ ചുമതലയും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന് ഉത്തരമേഖലയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
കര്‍ഷക മോര്‍ച്ചയുടെ ഉത്തരവാദിത്തമുള്ള പ്രഭാരിയും എം ടി രമേശാണ്. ടി പി ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയാക്കി. അരബിന്ദോ കള്‍ചറല്‍ സൊസൈറ്റിയുടെ ചുമതല കെ പി ശ്രീശനും നല്‍കി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് പട്ടിക പുറത്ത് വിട്ടത്.