കൊച്ചി:തന്റെ സിനിമകളിലൂടെ തെന്നിന്ത്യയൊട്ടാകെ അറിയപ്പെട്ട് തുടങ്ങിയ സംവിധായകനാണ് ഒമർ ലുലു. സിനിമയോടുള്ള ആഗ്രഹം കൊണ്ട് സംവിധാനത്തിലേക്ക് വന്ന വ്യക്തി കൂടിയാണ് ഒമർ ലുലു. മുപ്പത്തിയെട്ടുകാരനായ ഒമർ ലുലു ഇതുവരെ അഞ്ച് സിനിമകൾ സംവിധാനം ചെയ്തു.
അഞ്ചും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വൈറലായ സിനിമകളാണ്. മറ്റുള്ള സംവിധായകരിൽ നിന്നും കാഴ്ചപ്പാടിന്റെ കാര്യത്തിലും സിനിമയോടുള്ള സമീപനത്തിലും വളരെ വ്യത്യസ്തനാണ് ഒമർ ലുലു.
സിനിമ ചെയ്ത് പണം സമ്പാദിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതുവരേയും നല്ല സിനിമ താൻ ചെയ്തിട്ടില്ലെന്ന് അറിയാമെന്നും ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒമര്‍ ലുലു സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം നല്ല സമയം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.
ഇർഷാദ് നായകനായ സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്.
ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മലയാളികളുടെ കാഴ്ചപ്പാടുകളെ കുറിച്ചും നടന്മാർക്ക് നൽക്കുന്ന പ്രതിഫലത്തെ കുറിച്ചും സംസാരിച്ച ഒമർ ലുലുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.
അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാളത്തിൽ നടന്മാർക്ക് പ്രതിഫലം കൊടുക്കുന്നത് എന്നാണ് ഒമർ ലുലു പറയുന്നത്. ‘ഞാൻ വിവാദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോൾ കൊള്ളേണ്ടവർക്ക് കൊള്ളും അപ്പോൾ വിവാദം ഉണ്ടാകും.’
‘പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതാണ് എളുപ്പം. കംഫേർട്ടുമാണ്. സമയം നഷ്ടപ്പെടില്ല. മാത്രമല്ല മലയാളത്തിലെ മെയിൻ നടന്മാരെ വിളിച്ചാൽ ഫോൺ എടുക്കുമോ?. അതുകൊണ്ട് നിർമാതാവിനെ കിട്ടുന്ന കാലത്തോളം നമ്മളെ തേടി വരുന്നവരെ വെച്ച് സിനിമയെടുക്കും. മലയാളികൾക്ക് എന്നും കപടസദാചാരമുണ്ട്.’
‘ഷക്കീലയുടെ പടം കാണാൻ എല്ലാവരും പോകും. അവർ പരിപാടിക്ക് വരുന്നതാണ് കുഴപ്പം. ഞാൻ ലിസ്റ്റ് അടക്കം അയച്ചുകൊടുത്തതാണ്. ഹൈലൈറ്റ് മാൾ അധികൃതർ പരിപാടി നടത്താൻ തടസം പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് ഷക്കീല ചേച്ചി ട്രെയിൻ കേറിയിരുന്നു. ബാരിക്കേഡ് കെട്ടണമെന്ന് വരെ അധികൃതർ പറഞ്ഞു.’
‘അതിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. ഞങ്ങളുടേത് കൊച്ചുപടമാണ് അതിനുള്ള വരുമാനമില്ല. ഷക്കീല ചേച്ചിക്ക് പടമില്ല ഇപ്പോൾ. ഇത്തരം പരിപാടികൾക്ക് പോയാണ് വരുമാനം കണ്ടെത്തുന്നത്. ഇനി ചേച്ചിയെ ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ആരേലും പരിപാടിക്ക് വിളിക്കുമോ?. ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു എനിക്ക് ഇത് അറിയാമായിരുന്നുവെന്ന്.’
‘എനിക്കറയാം ആ മാളുകാരുടെ പ്രശ്നം അതൊന്നുമല്ല. മറ്റ് ചില മാളുകാരെ വിളിച്ചപ്പോൾ അവർക്കും ഷക്കീല വരുന്നത് താൽപര്യമില്ല.’
‘നന്നായിട്ട് അഭിനയിക്കുന്ന നടന്മാർക്കല്ല മലയാളത്തിൽ പ്രതിഫലം കൂടുതൽ കിട്ടുന്നത്. ഫാൻ ഫൈറ്റിന് വേണ്ടി പറയുന്നതല്ല. ഷൈൻ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താൽ നന്നായി അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോയാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ പ്രതിഫലം കൂടുതൽ ടൊവിനോയ്ക്കാണ്.’
‘അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എടുക്കാം. പൃഥിരാജിലും അഭിനയമികവ് ഇന്ദ്രജിത്തിനാണ്.’
‘അത് നോക്കിയാൽ മനസിലാകും മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത് കഴിവിനല്ലെന്ന്. പക്ഷെ തമിഴിൽ അങ്ങനെയല്ല. ധനുഷ് ഏത് ലെവലിലെത്തിയെന്ന് നോക്കൂ. അതുപോലെ തന്നെയാണ് രജനികാന്തും. മലയാളത്തിൽ ശമ്പളം അഭിനയത്തിനല്ല ലുക്കിനാണ്. സെക്കന്ററിയാണ് ഇവിടുത്തുകാർക്ക് അഭിനയം.’
‘പ്രേക്ഷകർക്കും ഒരു പങ്കുണ്ട്. സാക്ഷകരതയുള്ളവരെന്ന് പറഞ്ഞാലും മലയാളി ബോഡി ഷെയ്മിങ് ചെയ്യുന്നതിൽ മുന്നിലാണ്. എന്റെ അടുത്ത പടത്തിൽ നല്ല കഥാപാത്രമുണ്ടെങ്കിൽ ഷക്കീല ചേച്ചിക്ക് കൊടുക്കും. ഞാൻ ചേച്ചിയെ നന്നായി ട്രീറ്റ് ചെയ്തിട്ടാണ് പറഞ്ഞ് വിട്ടത്’ ഒമർ ലുലു പറഞ്ഞു.