24.4 C
Kottayam
Sunday, May 19, 2024

വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം, മുടി മുറിച്ചത് പ്രതിഷേധം, കഞ്ചാവെന്നത് ആരോപണം, പലതും തുറന്നു പറയാനുണ്ട്

Must read

കൊച്ചി- നിര്‍മാതാക്കളുടെ വിലക്കിനെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഇന്നലെ വരെ വിലക്കാന്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ ഒരു ദിവസം കൊണ്ട ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നില്‍ മറ്റ് പലതുമുണ്ട്. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെയാണ് അവര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് പിന്നില്‍ സിനിമയുടെ പ്രശ്‌നമല്ല. വേറെ പൊളിറ്റിക്‌സാണ്. അത് കാലം തെളിയിക്കും. വിലക്ക് എന്നു പറഞ്ഞാല്‍ കൈയും കാലും കെട്ടിയിടുകയില്ലല്ലോ. താന്‍ അഭിനയ രംഗത്ത് തന്നെയുണ്ടാകും. മിണ്ടാന്‍ പറ്റാത്ത ഒരുപാട് പേരുണ്ട് ഇവിടെ. അവര്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. പിന്നാമ്പുറക്കഥകള്‍ ഒരുപാടുണ്ട്. അത് ഉടനെ തന്നെ നിങ്ങളെ അറിയിക്കും. – ഷെയ്ന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
വിലക്കിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നത്. ആന്റോ ജോസഫും മഹാ സുബൈറും സിയാദ് കോക്കറും തന്റെ ഉമ്മയോടാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നത്. എല്ലാം മാധ്യമങ്ങള്‍ എഴുതിവിടുന്നാണെന്നാണ് പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇന്‍സ്റ്റാഗ്രാം പോലും ഒഴിവാക്കി. എന്നാല്‍ ബുധനാഴ്ച രാത്രിയിലാണ് വിലക്കാനുള്ള തീരുമാനം അവര്‍ എടുത്തിരിക്കുന്നു എന്ന് അറിയുന്നത്. പരാതി കൊടുത്തവര്‍ പ്രതികരിക്കട്ടെ. ജോബി ജോര്‍ജും പറയുന്നത്‌കേട്ടുകൊണ്ടാണ് തീരുമാനം. എന്നോട് ഒന്നും ചോദിച്ചിട്ടില്ല. എന്റെ വിശദീകരണം അവര്‍ കേട്ടിട്ടില്ല. എത്ര വലിയ കൊലക്കുറ്റം ചുമത്തിയ ആളുടെയും അഭിപ്രായം കോടതി ചോദിക്കാറുണ്ട്.
ഏഴ് കോടി രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയുന്നത് കാര്യമായെടുക്കുന്നില്ല. ഒരു സിനിമയിലും അഭിനയിക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ഒരു സിനിമ പോലും മുടങ്ങാന്‍ പാടില്ലെന്നാണ് എന്റെ നിലപാട്. എന്റേതല്ലാത്ത കാരണത്താല്‍ സിനിമ ഉപേക്ഷിച്ചാല്‍ അതിന് ഞാന് എങ്ങനെ ഉത്തരവാദിയാകും. ഒരു സിനിമയും ചെയ്യില്ല എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഒരു സിനിമ പോലും പെന്‍ഡിങ്ങിലായിട്ടില്ല. ഒരു സിനിമയിലും അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മുടി മുറിച്ചത് പ്രതിഷേധമെന്ന നിലയിലാണ്. വെയിലിന്റെ ചിത്രീകരണത്തിനിടെ അത്രയധികം അപമാനിക്കപ്പെട്ടു. അത്രയെങ്കിലും ഞാന്‍ ചെയ്യണ്ടെ. അതിന്റെ അര്‍ഥം ഇനി ഈ സിനിമകളില്‍ അഭിനയിക്കില്ല എന്നല്ല. മുറിച്ച മുടി വളരാതിരിക്കില്ലല്ലോ.
പ്രകൃതി നിയമം അനുസരിച്ച് കാര്യങ്ങള്‍ നടന്നോളും. എന്നെ വെച്ച് സിനിമയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് ഇനി തീരുമാനമെടുക്കേണ്ടത്. വലിയ പെരുന്നാല്‍ തീയറ്റര്‍ കാണിക്കില്ലെന്നാണ് ചില നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. കാത്തിരുന്നു കാണാം. വിലക്ക് എല്ലാകാലം നിലനില്‍ക്കുകയില്ലല്ലോ. സത്യം പറയുന്നവന്‍ ഇവിടെ കഞ്ചാവാണ്. ഇലുമിനാറ്റിയാണ്. അമ്മ ഭാരവാഹികളുടെ ഭാഗത്തു നിന്ന് പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week