25.1 C
Kottayam
Thursday, May 16, 2024

ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകൾ

Must read

ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (കുസാറ്റ്) സംയോജിതമായി 4 + 2 (കൊച്ചിയില്‍ 4 വര്‍ഷം, ഷിമാനില്‍ 2 വര്‍ഷം) ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് ഷിമാനെ യൂണിവേഴ്സിറ്റി അധികൃതര്‍ പ്രഖ്യാപിച്ചു. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (കേരളത്തില്‍ 6 മാസം, ജപ്പാനില്‍ 6 മാസം) ആരംഭിക്കുന്നതിനും സര്‍വകലാശാല സജ്ജീകരണമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

ഷിമാനെ സര്‍വകലാശാലയിലെ അക്കാദമിക് റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഇന്നൊവേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. യുകിക്കുനി അക്കിഷിഗെ, ആഗോളവല്‍ക്കരണ പ്രോത്സാഹന വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റ്  അകിര ദെഗുചിയുടെ നേതൃത്വത്തിലുള്ള ഷിമാനിലെ സര്‍വകലാശാല പ്രതിനിധി സംഘം എന്നിവരുമായായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

ഷിമാനെ സര്‍വകലാശാലയെ പ്രതിനിധികരിച്ച് ഡോ. അക്കിഷിഗെ, കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ ചര്‍ച്ചകളുടെ രേഖയില്‍ ഒപ്പുവച്ചു.

ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാല വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഷിമാനെ സര്‍വകലാശാലയ്ക്ക് സന്തോഷമുണ്ടെന്നും കുസാറ്റുമായുള്ള സഹകരണം കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡോ. അക്കിഷിഗെ പറഞ്ഞു.

സാങ്കേതികവിദ്യ, ജീവശാസ്ത്രം, മെഡിക്കല്‍ സയന്‍സ് എന്നീ മേഖലകളില്‍ ഷിമാനെ സര്‍വകലാശാലയും കേരളത്തിലെ സര്‍വകലാശാലകളും തമ്മില്‍ സഹകരണമാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഷിമാനെ സര്‍വകലാശാല ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഇത് ഇനി മുതല്‍ മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

യുനെസ്കോ പ്രൊഫസര്‍ ഫാവു വാങ്  ‘ഭൗമ-പരിസ്ഥിതിയും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തല്‍’ എന്ന വിഷയം അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിന് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേരളം പദ്ധതിയിട്ടിട്ടുണ്ടെന്നും, ഷിമാനെ സര്‍വകലാശാലയും കേരളത്തിലെ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന് ഉപയോഗപ്രദമായ മേഖലയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week