കൊച്ചി: വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതികരണവുമായി മകന്‍ ഷോണ്‍ ജോര്‍ജ്ജ്. കസ്റ്റഡിയില്‍ എടുക്കുകയെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരിക്കും. എന്നാല്‍ രാത്രി 11 മണിക്ക് എഫ്‌ഐആര്‍ ഇട്ട് രാവിലെ വന്ന് കസ്റ്റഡിയിലെടുക്കാന്‍ പി സി കൊള്ളക്കാരനൊന്നുമല്ലല്ലോയെന്നും ഷോണ്‍ ജോര്‍ജ്ജ് വിമര്‍ശിച്ചു. കേരളത്തിലെ ഒരു പൊതു പ്രവര്‍ത്തകനായ പിസി ജോര്‍ജിനെ ഓടിച്ചിട്ട് കസ്റ്റഡില്‍ എടുക്കേണ്ട സാഹചര്യമില്ല. എപ്പോള്‍ വിളിച്ചാലും ഹാജരാവുമായിരുന്നു. എന്നാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുകയെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരിക്കാമെന്നും ഷോണ്‍ ജോര്‍ജ്ജ് വിശദീകരിക്കുന്നു.
ഷോണ്‍ ജോര്‍ജ്ജിന്റെ വാക്കുകള്‍- ‘പരാമര്‍ശത്തില്‍ ഇന്നലെ തന്നെ പരാതി വന്നിരുന്നു. കേസെടുത്തേക്കും എന്ന് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. കസ്റ്റഡിയിലെടുക്കുകയെന്നത് സര്‍ക്കാര്‍ തീരുമാനമായിരിക്കും. പിസി ജോര്‍ജ്ജ് നാടുവിട്ട് ഒളിച്ചോടുന്നയാളൊന്നുമല്ലല്ലോ. സര്‍ക്കാര്‍ തീരുമാനമാണ് കസ്റ്റഡിയില്‍ എടുക്കുകയെന്നത്. കേരളത്തിലെ ഒരു പൊതു പ്രവര്‍ത്തകനായ പിസി ജോര്‍ജിനെ ഓടിച്ചിട്ട് കസ്റ്റഡില്‍ എടുക്കേണ്ട സാഹചര്യമില്ല. എപ്പോള്‍ വിളിച്ചാലും ഹാജരാവുമായിരുന്നു. എന്നാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുകയെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരിക്കാം. അദ്ദേഹത്തിന്റെ മാന്യതകൊണ്ട് പൊലീസുമായി സഹകരിച്ചു.’
തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പി സി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്തത്. പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണെന്നാണ് വിവരം. പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോര്‍ട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. സ്വന്തം വാഹനത്തിലാണ് പിസി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
പിസി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിൻ്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബി ജെ പി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബി ജെ പി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.