കൊച്ചി: ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് പറഞ്ഞ സതീശന്‍, യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്ന് പ്രതികരിച്ചു.
ഹിമാചലിലും ഗുജറാത്തിലും താര പ്രചാരകരിൽ ശശി തരൂര്‍ നേരത്തെ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കിയത് അല്ലെന്ന് സതീശന്‍ പറഞ്ഞു. തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നോ കമന്‍സ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.
കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂരെന്നും അദ്ദേഹത്തിന് ഒരു വിലക്കുമില്ലെന്നും കെ മുരളീധരൻ എംപിയും പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുക്കാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരൻ അറിയിച്ചു. ശശി തരൂർ കോൺഗ്രസിൻറെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരൻ പ്രതികരിച്ചു.
അതേസമയം, ശശി തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ സംഘാടകർക്ക് തീരുമാനിക്കാമെന്ന നിലപാടാണ് എഐസിസി സ്വീകരിച്ചത്. പരിപാടികൾ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച് തരൂർ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.