തിരുവനന്തപുരം: പാറശ്ശാലയില്‍ പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാറശ്ശാല മുരിയന്‍കര സമുദായപറ്റ് സ്വദേശി ഷാരോണ്‍ രാജാണ് മരിച്ചത്. ഈ മാസം 17-നായിരുന്നു ഷാരോണ്‍ മരിച്ചത്. തമിഴ്‌നാട് നെയ്യൂരിലെ ബിഎസ്‌സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഷാരോണ്‍.
വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരില്‍ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
ഷാരോണും ആരോപണ വിധേയയാ പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് വിവാഹാലോചന വന്നതോടെ ബന്ധത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് കുറച്ചുകാലമായി ഷാരോണുമായി ബന്ധമുണ്ടായിരുന്നില്ല. പഠന സംബന്ധമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പെണ്‍കുട്ടിയുടെ കൈവശമായിരുന്നു. ഇതിനിടെ അത് തിരികെ നല്‍കാമെന്ന് പറഞ്ഞാണ് ഷാരോണിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നതായാണ് പറയുന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഷാരോണ്‍ അവശനായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ അഡ്മിറ്റായ ഷാരോണ്‍ 17-ന് മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ പൂര്‍ണ്ണമായും ദ്രവിച്ചുപോയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം ലഭിച്ചിട്ടില്ല. നെയ്യാറ്റിന്‍കര പോലീസില്‍ ഷാരോണിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയുമായി ഷാരോണ്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പ്രചരിക്കുന്നുണ്ട്. ഷാരോണ്‍ കഴിച്ചെന്ന് പറയപ്പെടുന്ന കഷായം സംബന്ധിച്ചുള്ള ചാറ്റുകളാണ് ഇതിലുള്ളത്.
സംഭവത്തെ കുറിച്ച് സുഹൃത്ത് റജില്‍ പറയുന്നത് ഇങ്ങനെ, ’14-ാം തിയതി വെള്ളിയാഴ്ച 10.15 ഓടെ ഷാരോണ്‍ എന്നെ വിളിച്ചിരുന്നു. പ്രോജക്ട് വാങ്ങാന്‍ അവളുടെ വീട്ടില്‍ പോകണമെന്ന് പറഞ്ഞു. ഞാന്‍ വരാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ രണ്ടു പേരും കൂടെ പോയി. അവളുടെ വീടെത്തുന്നതിന് കുറച്ച് മുമ്പായി അവന്‍ ഇറങ്ങി, പ്രോജക്ട് വാങ്ങി വരാമെന്ന് പറഞ്ഞാണ് പോയത്. 15 മിനിറ്റിന് ശേഷം അവന്‍ തിരിച്ചെത്തി. ഛര്‍ദിച്ചുകൊണ്ടാണ് അവന്‍ വന്നത്. വയ്യ എന്നും പറഞ്ഞു. ബൈക്കില്‍ കയറി ഞങ്ങള്‍ മടങ്ങുന്ന വഴിയിലും അവന്‍ വീണ്ടും ഛര്‍ദിച്ചു. നീല കളറിലായിരുന്നു ഛര്‍ദില്‍,ഇതെന്താണെന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അവള്‍ ഒരു കഷായം തന്നുവെന്നാണ് അവന്‍ പറഞ്ഞത്. വീണ്ടും ഛര്‍ദിച്ചു, എന്തിനാണ് കഷായം തന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, പിന്നെ പറയാം എനിക്കിപ്പോള്‍ വയ്യ എന്നാണ് പറഞ്ഞത്. തുടര്‍ന്ന് അവന്റെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു’ റജില്‍ പറഞ്ഞു.
ആസിഡ് നല്‍കി കൊന്നതാണ് തന്റെ മകനെ എന്ന് ഷാരോണിന്റെ പിതാവ് ലെനിനും പറഞ്ഞു. ‘റബ്ബര്‍ ഉള്ള ആളുകളാണ് അവര്‍. മെഡിക്കല്‍ കോളേജില്‍ നിന്ന് അത്തരത്തിലുള്ള റിപ്പോര്‍ട്ടാണ് ലഭിച്ചത്. മോന്‍ പറഞ്ഞിരുന്നു അവളുടെ വീട്ടില്‍ നിന്ന് ഫ്രൂട്ടിയും കഷായവും കഴിച്ചെന്ന്. അവളുടെ അച്ഛനും അമ്മയ്ക്കും ഇതില്‍ പങ്കുണ്ട്. അതും അന്വേഷിക്കണം. അന്ധവിശ്വമുള്ള കുടുംബമാണ് അവരുടേത്. എന്റെ മകന് നീതിയുണ്ടാകണം’ ലെനിന്‍ പറഞ്ഞു.