ആരാധകരെ ഞെട്ടിച്ച് കട്ട ഫ്രീക്ക് ലുക്കില്‍ ഷെയ്ന്‍ നിഗം; ചിത്രങ്ങള്‍ വൈറല്‍
താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള ഷെയ്ന്‍ നിഗത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. വെയില്‍ എന്ന സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പുത്തന്‍ ലുക്ക് ചര്‍ച്ചയാകുന്നത്. ഹെയര്‍ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌നും വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത്.
‘വെയിലി’ല്‍ ഷെയ്ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഷെയ്ന്‍ മറ്റൊരു ചിത്രമായ കുര്‍ബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം. ഇതില്‍ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്നാണ് ആദ്യം രംഗത്തെത്തിയത്.
തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ഇതിന് മറുപടിയായി ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.