കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന്‍ ഷമ്മി തിലകന്‍. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന പ്രസ്താവന മോഹന്‍ലാല്‍ തിരുത്താത്ത സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണെന്നും കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും ഷമ്മി തിലകന്‍ വിമര്‍ശിച്ചു.
‘മോഹന്‍ലാല്‍ എന്താണ് തിരുത്താന്‍ തയ്യാറായിട്ടുള്ളത്. ഞാന്‍ എത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. അത് ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ. പുള്ളി മൗനിബാബ കളിക്കുകയല്ലേ. അദ്ദേഹത്തിന് എന്തുപറ്റിയെന്നുള്ളത് എനിക്കറിയില്ല. കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് മാന്തിക്കുക എന്നു പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്.
ഇത് പറയുന്നതിന് എനിക്കെതിരെ നടപടി വന്നാല്‍ എന്തുചെയ്യാന്‍ പറ്റും ഞാന്‍ പോയി ആത്മഹത്യ ചെയ്യണോ?. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ്. ‘ഷെയിം’ എന്ന വാക്കല്ലാതെ വേറൊന്നും എനിക്ക് തോന്നുന്നില്ല’ ഷമ്മി തിലകന്‍ വ്യക്തമാക്കി.
സംഘടന ഒരു ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി സ്ഥാനനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്ന് ഓരോ പ്രസ്താവനയിലും മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ധാര്‍മ്മികത ഇല്ലാതെ ഇപ്പോഴും ആ സ്ഥാനത്ത് കടിച്ച് തൂങ്ങി ഇരിക്കുന്നത് എന്തിനാണെന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണ്ടേതാണെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ താല്‍പ്പര്യമായിരിക്കും അത്. ഇടവേള ബാബുവിന് ബാര്‍ ലൈസന്‍സ് ഒക്കെ വാങ്ങി ഓഫീസില്‍ നടത്താലോ. പുള്ളിയല്ലേ അതിന്റെ ഇന്‍ചാര്‍ജ്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സംഘടന ക്ലബ് ആണെന്ന് പറയുന്നതില്‍ അദ്ദേഹത്തിന് അത്രേം വിവരമോ ഉള്ളൂവെന്നല്ലേ അതിന് പറയാന്‍ കഴിയൂ.
ബൈലോയെക്കുറിച്ചും സൊസൈറ്റി ആക്ടിനെക്കുറിച്ചും ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ബോധം അദ്ദേഹം തന്നെയാണ് വിവരിക്കേണ്ടത്. അദ്ദേഹത്തിനെ ഇതിനെക്കുറിച്ച് ഒരു വിവരവുമില്ല. തീര്‍ച്ചയായും അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഒരോ പ്രസ്താവനയിലും മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ധാര്‍മ്മികത ഇല്ലാതെ ഇപ്പോഴും ആ സ്ഥാനത്ത് കടിച്ച് തൂങ്ങി ഇരിക്കുന്നത് എന്തിനാണെന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണം’. എന്നും ഷമ്മി തിലകന്‍ പറഞ്ഞു.