കൊച്ചി :കഴിഞ്ഞ 70 ദിവസമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ വിളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ഷാജ് കിരൺ. സ്വപ്നയെ പിടിക്കുമ്പോൾ തന്നെയും പ്രതിയാക്കുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും ഷാജ് കിരൺ വ്യക്തമാക്കി. അതുെകാണ്ടാണ് സ്വപ്നയുടെ പ്രശ്നത്തിൽ ഇടപെട്ടത്. സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ ഞാനും പെടില്ലേ? ഇത്രനാളും താൻ വിളിച്ചുെകാണ്ടിരുന്നതല്ലെന്നും ഷാജ് കിരൺ പറഞ്ഞു.
‘‘ഒരു കുഞ്ഞിനു വേണ്ടിയാണ് സ്വപ്നയ്‌ക്കൊപ്പം നിന്നത്. ഇപ്പോൾ ഞാൻ 90 ലക്ഷം രൂപയുടെ കടക്കാരനാണ്. സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ മാസത്തെ വാടക പോലും െകാടുത്തത്. വലിയ ഫണ്ട് കൈകാര്യം ചെയ്യുന്ന ആളല്ല ഞാൻ. സ്വപ്നയുടെ സെക്സ് വിഡിയോ ഉണ്ടെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എനിക്ക് അറിയില്ല. ജീവിതത്തിൽ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. സ്വപ്ന പറയുന്നത് കള്ളമാണ്’– ഷാജ് കിരൺ പറഞ്ഞു.
ഷാജ് കിരണിനും ഭാര്യയ്ക്കും വേണ്ടി വാടക ഗര്‍ഭധാരണം നടത്താൻ താൻ സമ്മതിച്ചിരുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തെ സമ്മതിച്ചിരുന്നു.. പത്ത് ലക്ഷം രൂപ തനിക്ക് നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ താൻ അത് വേണ്ടെന്ന് പറയുകയായിന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഒരു അമ്മയുടെ വേദന മനസിലാക്കിയാണ് താൻ അതിന് തയ്യാറാണെന്ന് അറിയിച്ചതെന്നും സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദ സംഭാഷണം പുറത്തുവിടാൻ പാലക്കാട് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം.
‘വാടക ഗർഭ പാത്രത്തിനായുള്ള കോൺട്രാക്റ്റ് ആണ് നമ്മൾ തമ്മിൽ ഉള്ളതെന്ന് പറഞ്ഞ് ഷാജ് കിരൺ ആക്ഷേപിക്കുന്നുണ്ടായിരുന്നു കഴിഞ്ഞ ദിവസം. ഇക്കാര്യത്തിൽ വളരെ വിശദമായി തനിക്ക് സംസാരിക്കാനുണ്ട്. ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യ അമ്മയാവില്ല എന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ ജനിച്ച് കഴിയുമ്പോൾ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. സ്ത്രീക്ക് പൂർണത വരുന്നത് അവൾ അമ്മയാകുമ്പോഴാണ്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. മാത്രമല്ല പല ഗുരുതരമായ അസുഖങ്ങൾ ഉണ്ടെന്നാണ് പറഞ്ഞത്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്ന സുരേഷിനെ പോലെ ഒരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞു.
‘എന്നാൽ നിങ്ങള്‍ പൈസയൊന്നും തരേണ്ട. ഷാജ് കിരണിന്‍റെ ഭാര്യയുടെ വേദന മനസ്സിലാക്കി. എന്‍റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കും. താൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ആർക്കും എന്നെ മുഖത്തടിക്കാം. ഒരു സ്ത്രീയുടെ വേദനയാണ് ഞാൻ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും കുറേ അനുഭവിച്ചേനെ. അവരും ഒരു കുഞ്ഞിനായി പള്ളിയിലും ക്ഷേത്രത്തിലുമെല്ലാം പോയി പ്രാർത്ഥിച്ച് കാണും. ഞാൻ പറയുന്നത് ഓരോ അമ്മമാർക്കും മനസിലാകും. ഞാൻ ചെയ്തത് തെറ്റാണോ? എന്റെ ആരോഗ്യം പോലും റിസ്കിൽ വെച്ച് കൊണ്ട് അവർക്ക് ഒരു കുഞ്ഞിനെ നൽകാമെന്ന് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നെ ചെരിപ്പൂരി അടിക്കാം. സ്വപ്ന ഒരിക്കൽ തന്നെ തന്നെ വിൽക്കില്ല, സ്വപ്ന സുരേഷിന് സ്വന്തം വ്യക്തതിത്വം ഉണ്ട്’, സ്വപ്ന സുരേഷ് പറഞ്ഞു.
തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്‌ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു ഷാജ് കിരണിന്റെ ആരോപണം. വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടകഗര്‍ഭം ധരിക്കാമെന്ന് സ്വപ്‌ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വപ്‌ന അത് നിരസിച്ചു. പിന്നീട് വീട്ടിൽ പോയപ്പോൾ തന്റെ മുന്നിൽ സ്വപ്ന കുഴഞ്ഞു വീണു. അവരുടെ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ ഗർഭധാരണം പ്രശ്നമാണെന്ന് മനസിലായെന്നും ഇക്കാര്യം സ്വപ്നയോട് തുറന്ന പറഞ്ഞുവെന്നുമായിരുന്നു ഷാജ് കിരൺ പറഞ്ഞത്.
അതേസമയം ഇന്ന് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ ഗുരുതര ആരോപണമായിരുന്നു സ്വപ്ന സുരേഷ് ഷാജ് കിരണിനെതിരെ ഉന്നയിച്ചത്. ഷാജ് കിരണിനെ തനിക്ക് നേരത്തേ തന്നെ അറിയാമെന്നും രഹസ്യമൊഴി നല്‍കിയശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറയുകയായിരുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ഷാജ് കിരൺ മാനസികമായി തന്നെ തളർത്തി. വീണ്ടും തടവറയിൽ ഇടുമെന്നായിരുന്നു ഭീഷണി. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഷാജ് കിരണിന്റെ സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.