തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഇന്ധന അധിക നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയാറാകാത്തതെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പില്‍ ചോദിച്ചു.
നരേന്ദ്ര മോദി കക്കാന്‍ ഇറങ്ങുമ്പോള്‍ ഫ്യൂസ് ഊരി കൊടുക്കുന്ന നിലയിലാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഇന്ധനവില വര്‍ധനവിന്റെ ജനരോഷത്തില്‍നിന്ന് സംഘപരിവാറിനെ രക്ഷിക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്നും ഷാഫി ആരോപിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ബാക്കി മുഴുവന്‍ നികുതി ഇനത്തില്‍ പിഴിഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി-മോദി സര്‍ക്കാരുകള്‍. ഇതിനു കോണ്‍ഗ്രസിനെ പഴി ചാരേണ്ടെന്നും ഷാഫി പറഞ്ഞു.
അതേസമയം, ഈ സര്‍ക്കാര്‍ ഇതുവരെ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കിയത്. മറ്റു പലസംസ്ഥാനങ്ങളിലും കേരളത്തേക്കാള്‍ നികുതി കൂടുതലാണ്. അധിക നികുതിയില്‍നിന്ന് കേന്ദ്രത്തിന് മൂന്നു ലക്ഷം കോടി വരുമാനം ലഭിക്കുന്നുണ്ട്. ഇതൊന്നും സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
വിലനിര്‍ണയ അധികാരം എണ്ണകമ്പനികള്‍ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസാണെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.