മാൻ വേഷം ധരിച്ചെത്തുന്ന മാരീചൻമാരുടെ താവളമല്ല എസ്.എഫ്.ഐ: എം.ബി.രാജേഷ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ തള്ളി മുൻ എം.പ എം.ബി.രാജേഷ്. കാമ്പസുകൾ പാട്ടുകളും സംവാദവും നിറഞ്ഞ സർഗാത്മക ഇടങ്ങളായി മാറട്ടെയെന്ന് രാജേഷ് പറയുന്നു
എം.ബി.രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പഴം പുരാണം പറയേണ്ട സമയമല്ല എന്നറിയാം.എങ്കിലും യൂണിവേഴ്സിറ്റി കോളേജ് സംഭവം സംബന്ധിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണന്റേയും എസ്.എഫ്.ഐ പ്രസിഡന്റ് സാനുവിന്റെയും പോസ്റ്റുകൾ പഴയ ഓർമ്മകൾ ഉണർത്തി. എന്താണ് എസ്.എഫ്.ഐ യെന്നും എന്തല്ല എസ്.എഫ്.ഐ എന്നുമാണ് അവരിരുവരും പറഞ്ഞത്.ഞാൻ എസ്.എഫ്.ഐ യിലേക്ക് ആകർഷിക്കപെട്ട കാലം ഓർത്തു പോയി . തീർത്തും ഇടതുപക്ഷ വിരുദ്ധമായ പശ്ചാത്തലത്തിൽ നിന്നായിരുന്നുഞാൻ വന്നത്. പക്ഷേ ഞാൻ കണ്ട എസ്.എഫ്.ഐ നേതാക്കളോടുള്ള മതിപ്പാണ് പ0നവും പാഠ്യേതര പ്രവർത്തനങ്ങളും മാത്രം ശ്രദ്ധിച്ച് നടന്നിരുന്ന എന്നെ അക്കൂട്ടത്തിലേക്ക് ആകർഷിച്ചത്.( ഒരു ചോദ്യത്തിന് പീറ്റർ ബോത്ത എന്ന ശരിയുത്തരം പറഞ്ഞതാണ് കാരണമെന്ന് അന്നത്തെ നേതാവായിരുന്ന ശ്രീരാമകൃഷ്ണൻ പറയാറുണ്ട്.) ചന്ദ്രബാബുവിനേയും രഘുവിനേയും പോലുള്ള എന്റെ നാട്ടിലെ എസ്.എഫ്.ഐ പ്രവർത്തകർ എന്നോട് ആദ്യം പറഞ്ഞത് പുസ്തകങ്ങളെക്കുറിച്ചാണ്. കവിതയുടേയും സാഹിത്യത്തിന്റേയും ലോകത്തേക്കാണ് നയിച്ചത്. അവിടെ നിന്ന് പുതിയ ആശയങ്ങളുടെ ലോകം അവർ പതുക്കെ പരിചയപ്പെടുത്തി. നാരായണ ദാസ് മാർക്സിസത്തിന്റെ ബാലപാo ങ്ങൾ ലളിതമായി പറഞ്ഞു.അടാട്ട് രഘു മാഷ് ഇടിമിന്നൽ പോലുള്ള പ്രസംഗങ്ങളിലൂടെ തിരിച്ചറിവുകളിലേക്ക് വിളിച്ചുണർത്തി. ഒരു പത്താം ക്ലാസുകാരന്റെ അകം അവർ ആശയങ്ങളുടേയും സംസ്കാരത്തിന്റെയും
വെളിച്ചം കൊണ്ട് പ്രകാശമാനമാക്കി.. ക്യാമ്പസിലെ ഏറ്റവും നല്ല വിദ്യാർത്ഥികളും എഴുത്തുകാരും വരയ്ക്കുന്നവരും പ്രസംഗകരും എല്ലാം എസ്.എഫ്.ഐ യിലായിരുന്നു. പോസ്റ്ററുകളിലും ചുമരെഴുത്തിലുമെല്ലാം കവിത പുത്ത കാലം. പാലപ്പുറത്ത് കോളേജിന്റെ പിന്നിലെ എലൈറ്റ് ലോഡ്ജിലെ മാസം 5oരു. വാടകയുള്ള എസ്.എഫ്.ഐ മുറിയിലെ ചുമരിൽ വേർഡ്സ് വ ർ ത്തിന്റെ വരികൾ കോറിയിട്ടിരുന്നു.. Poetry is the sponta neous overflow of Powerful feelings! വേറെ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചുവപ്പും കറുപ്പും പോസ്റ്റർ കളറിൽ ചാരുതയാർന്ന അക്ഷരങ്ങൾ കൊണ്ട് തീക്ഷ്ണാശയങ്ങൾ ആവിഷ്കരിച്ച സത്യന്റെ പോസ്റ്ററുകൾ ക്യാമ്പസിനെ അലങ്കരിച്ചിരുന്നു.ബെഞ്ചമിൻ മൊളോയ്സും കെൻസാരോവിവയേയുമൊക്കെ അവയിൽ നിറഞ്ഞു.കിടയറ്റ വര കൊണ്ട് വിസ്മയിപ്പിച്ച, പിൽക്കാലത്ത് വിഖ്യാത ചിത്രകാരനായിത്തീർന്ന മരിച്ചു പോയ രാജൻ കൃഷ്ണനാണ് മറ്റൊരു പോസ്റ്ററെഴുത്തുകാരൻ. പാബ്ലോ പിക്കാസോയുടെ ചിത്രം ‘ഗോർണിക്കാ” ടാബ്ലോയായി അവതരിപ്പിച്ച് സർവ്വകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത് രാജന്റെ നേതൃത്വത്തിലായിരുന്നു. എല്ലാ രംഗങ്ങളിലും മികവ് പുലർത്തിയ പ്രതിഭകളുടെ സംഘം. സൂര്യനു കീഴിലുള്ള സകല കാര്യങ്ങളും ആവേശത്തോടെ ചർച്ച ചെയ്തിരുന്ന യോഗങ്ങൾ. അതിനുള്ള വിശദ മറുപടികൾ. പ്രവർത്തനങ്ങളിൽ എസ് എഫ്.യും തെരഞ്ഞെടപ്പിൽ കെ.എസ്.യുവും എന്നതായിരുന്നു സ്ഥിതി. മിക്കപ്പോഴും ഞങ്ങൾ തോൽക്കും.എന്നാൽ അതൊന്നും പ്രവർത്തന വീറിനെ ബാധിച്ചില്ല. അത്യപൂർവ്വമായ സംഘർഷങ്ങളുണ്ടായിട്ടില്ല എന്നല്ല. ആശയ സംവാദ ങ്ങളും സർഗ്ഗാത്മക പ്രവർത്തനങ്ങളുമായിരുന്നു എപ്പോഴും മുന്നിൽ. സ്വാശ്രയ പ്രശ്നത്തിൽ മന്ത്രിയായിരുന്ന ഇ.ടി.ക്ക് ദേശീയ പുസ്തകോൽസവ വേദിയിൽ വെച്ച് കരിങ്കൊടി കാണിച്ചത് മറ്റൊരോർമ്മ. പുസ്തകോത്സവത്തോടനുബന്ധിച്ചു നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനക്കാരനായ രൂപേഷ് സമ്മാനം വാങ്ങാൻ വിസമ്മതിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു! അതിന് കിട്ടിയ സമ്മാനമോ ലാത്തി കൊണ്ട് തലക്കടി. തല പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്ന കവിയുടെ ചിത്രം മനസ്സിലിപ്പോഴുമുണ്ട്. ഇത് ഒരിടത്തെയോ ഒരാളുടെ മാത്രമോ അനുഭവമായിരിക്കില്ല. ഇതൊക്കെയാണ് എസ്.എഫ്.ഐ ഒസ്യത്ത് .അതിനെയാണ് യുണി.കോളേജിലെ എസ്.എഫ്.ഐ യുടെ ലേബൽ അണിഞ്ഞ ഒരു അക്രമിക്കുട്ടം കത്തി കൊണ്ട് റദ്ദാക്കാൻ ശ്രമിച്ചത്.അഷ്റഫും സെയ്താലിയും മുതൽ അഭിമന്യു വരെയുള്ളവർ ഹൃദയം പിളർന്ന കത്തി ഒരിക്കലും എസ്.എഫ്.ഐയുടെ ആയുധമാവുക വയ്യ. ആശയങ്ങൾ ചോർന്നവരാണ് ആയുധങ്ങളെ ആശ്രയിക്കുക. രാഷ്ട്രീയം വാർന്നു പോയ ആൾക്കൂട്ടങ്ങളുടെ താവളമല്ല എസ്.എ .പേശീബലത്തിലല്ല ചിന്തയുടേയും നിലയ്ക്കാത്ത ചോദ്യങ്ങളുടെയും ഊർജ്ജത്തിലാണ് എസ് .എഫ് .ഐ കേരളത്തിലെ കാമ്പസുകളിലെ മഹാ പ്രസ്ഥാനമായി മാറിയത്. വളരുമ്പോൾ, എണ്ണത്തിൽ പെരുകുമ്പോൾ എസ്.എഫ്.ഐക്ക് ചേരാത്ത വരും ഒപ്പം ചേരും.അവർ വഹിക്കുന്ന ജീർണ്ണതകൾക്ക് പ്രസ്ഥാനമാകെ വില കൊടുക്കേണ്ടി വരും.എസ്.എഫ്.ഐയെയും പുരോഗമനാശയങ്ങളേയും ഉന്മൂലനം ചെയ്യാനാഗ്രഹിച്ചവർക്ക് അതിനേക്കാൾ മികച്ച ആയുധം വേറെന്തുണ്ട്? മേധാവിത്വത്തിന്റെയും അധികാര ഗർവ്വിന്റേയും കോട്ടകൾ തകർത്താണ് എസ്.എഫ്.ഐയുടെ ശുഭ്ര പതാക ഉയർന്നിട്ടുള്ളത്.അടിയന്തിരാവസ്ഥക്കാലം ഓർമ്മിക്കുക.. അത് ബാക്കിയുള്ളവരെയെല്ലാം പുറത്താക്കി സ്വന്തം കോട്ടകൾ കെട്ടി ഉയർത്താനല്ല.മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കലാലയം കാവിക്കോട്ടയാക്കിയതല്ല മാതൃക. അവിടുത്തെ ആയുധപ്പുരകൾ തേടി കാമറ കണ്ണുകൾ ചെല്ലുന്നുണ്ടാവില്ല. ആ കോട്ടയും തകർത്ത് ചിന്തയുടേയും സർഗാത്മകതയുടേയും ജനാധിപത്യ ബോധത്തിന്റേയും വിശാല തുറസ്സുകൾ തീർക്കുകയാണ് വേണ്ടത്.ഇരുൾ മൂടിയ തലച്ചോറുകളെ ആശയ വെളിച്ചം കൊണ്ടാണ് ആക്രമിക്കേണ്ടത്. കാമ്പസുകളിൽ ആട്ടവും പാട്ടും പഠനവും സംവാദങ്ങളുമൊക്കെ നിർഭയം നടക്കട്ടെ.
ക്ലാസ് മുറികളിലും വരാന്തകളിലും മരച്ചോടുകളിലുമെല്ലാം കാമ്പസിന്റെ ജീവൻ എപ്പോഴും തുടിച്ചു നിൽക്കട്ടെ. അതിനെ ഭയപ്പെടുന്നവർ പ്രതിലോമശക്തികളാണ്.അവരിനി എസ്.എഫ്.യുടെ വേഷം ധരിച്ചു വന്നാലും.മാനായി വരുന്ന മാരീചനെപ്പോലെ. ആ മാരീചൻമാരുടെ താവളമല്ല ശുഭ്രപതാകയേന്തുന്ന പ്രസ്ഥാനം.