ഹരിപ്പാട്: ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ വനിത നേതാവ് പി ചിന്നു. സംഭവങ്ങളെല്ലാം ഫേസ്ബുക്ക് കുറിപ്പിലൂടെ നിഷേധിച്ചാണ് അക്രമത്തിനിരയായ ചിന്നു ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെ നടന്നത് ഒരു അപകടം മാത്രമാണ് എന്നാണ് ചിന്നു ഇപ്പോള്‍ പറയുന്നത്. ഇതിന്‍റെ പേരില്‍ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണ്.
ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു വ്യക്തമാക്കി. അതേസമയം, ചിന്നുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയായ അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. അമ്പാടി ഉണ്ണി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്.
അമ്പാടി ഉണ്ണിക്കെതിരായ പാര്‍ട്ടി കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകമെന്നും നേതൃത്വം വിശദീകരിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നില്ല. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ഹരിപ്പാട് സിഐ അറിയിച്ചത്. വനിതാ എസ് ഐ ആശുപത്രിയിൽ എത്തി പെൺകുട്ടിയെ കണ്ടിരുന്നു. കേസിന് താൽപ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്നും സിഐ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഹരിപ്പാട് ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ക്രൂരമായ ആക്രമണം നടത്തിയത്. ബൈക്കിടിച്ച് വീഴ്ത്തിയതിന് ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ‘താനും ചിന്നുവും ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ചിന്നുവിന് അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ച് അമ്പാടി ഉണ്ണിയും സംഘവും കടന്നുകളഞ്ഞു, വിഷ്ണുവെന്ന എസ്എഫ്ഐ പ്രവർത്തകൻ പ്രതികരിച്ചിരുന്നു.