തിരുവനന്തുരം: പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളജില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കലാലയങ്ങളില്‍ പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാണ് ഇക്കാര്യം അറിയിച്ചത്.
ഇടുക്കിയില്‍ നടന്നത് ആസൂത്രിത അക്രമമാണെന്നും കാമ്പസിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും സച്ചിന്‍ ആരോപിച്ചു. കോളജിലെ എസ്എഫ്‌ഐ നേതാക്കളെ ലക്ഷ്യം വച്ചാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയതെന്നും കുറ്റക്കാരെ പോലീസ് കണ്ടെത്തണമെന്നും സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്നും കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം പോലീസിനു നല്‍കിയിട്ടുണ്ടെന്നും ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.