തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എസ്എഫ്‌ഐ കൊടി വീശിയും കരിങ്കൊടി കാണിച്ചുമാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ എത്തിയത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഗവര്‍ണര്‍ ഉയര്‍ത്തി.
‘മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത്. ക്രിമിനലുകള്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍. കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ.
കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചുപൊറുക്കില്ല. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ല.’ ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.
സര്‍വ്വകലാശാല കാവിവല്‍ക്കരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു.