ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് ശ്രീഅയ്യപ്പാ കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പത്രിക സമര്‍പ്പണത്തിനിടെ എബിവിപി – എസ്എഫ്‌ഐ സംഘര്‍ഷം. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ അഥീന(20)യ്ക്കു നേരെയുണ്ടായ ആക്രമണത്തിലാണ് എബിവിപി യൂണിറ്റ് സെക്രട്ടറി അഭിജിത്ത്, രണ്‍ദീപ്, അശ്വിന്‍ എന്നിവര്‍ ഉള്‍പ്പടെ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പത്രിക സമര്‍പ്പണത്തിനുള്ള അവസാന സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു. ഈ സമയം കോളജ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇരു സംഘടനകളുടെയും ഭാരവാഹികളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. അഥീന പത്രിക നല്‍കാന്‍ ശ്രമിക്കുന്നതിനിടെ സമയം കഴിഞ്ഞെന്ന വാദം എബിവിപി ഉന്നയിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.
അഥീനയെ എബിവിപി യൂണിറ്റ് സെക്രട്ടറി അഭിജിത്ത് , രണ്‍ദീപ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നെന്നാണ് അഥീനയുടെ മൊഴി. മുഖത്തേറ്റ മര്‍ദനത്തില്‍ മൂക്കിനു പരിക്കേറ്റു രക്തം വന്നതായി പോലീസ് പറയുന്നു. എന്നാല്‍, പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതു ചൂണ്ടിക്കാട്ടിയ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ അഥീന പ്രകോപിതയായെന്നും ആക്രമിക്കാനായി പാഞ്ഞടുത്തപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നത്.
അഥീന ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രണ്ടു വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. നല്‍കേണ്ടവരെല്ലാം ഈ സമയം ഓഫീസ് മുറിക്കുള്ളിലെത്തി. ഓരോരുത്തരുടെ പത്രിക വാങ്ങുന്നതിനിടെ എസ്എഫ്‌ഐക്കാരിയുടെ പത്രിക നല്‍കാന്‍ സമയം കഴിഞ്ഞെന്ന തര്‍ക്കമുണ്ടായി – കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.സി. പ്രകാശ് പ്രതികരിച്ചു.