ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം.
ബ്രിജ് ഭൂഷണുപുറമേ കേസിലെ മറ്റൊരുപ്രതിയും ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും അഡീഷണല്‍ ചീഫ് മെട്രോപൊലിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാല്‍ ഇടക്കാലജാമ്യം നല്‍കി. ഇരുവരുടെയും സ്ഥിരംജാമ്യത്തിനുള്ള അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.
ജൂണ്‍ 15-നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ കുറ്റപത്രത്തിലുള്ളത്. ഇവയില്‍ 354 ഡി ഒഴികേയുള്ള കുറ്റങ്ങളും പ്രേരണാക്കുറ്റവും (109) തോമറിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.
അതിനിടെ മാധ്യമവിചാരണയാണ് തനിക്കെതിരേ നടക്കുന്നതെന്ന് ബ്രിജ് ഭൂഷണന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ അപേക്ഷ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ജഡ്ജിമാരെ തെറ്റായി ഉദ്ധരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മോശമായ മാധ്യമ റിപ്പോര്‍ട്ടിങ്ങിന് അനന്തര ഫലങ്ങളുണ്ടെന്നും അത് കോടതിയലക്ഷ്യമായി മാറുമെന്നും കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത വനിതാതാരം ബ്രിജ് ഭൂഷണെതിരേ നല്‍കിയ പോക്‌സോ കേസും കോടതിക്ക് മുന്‍പാകെയുണ്ട്. ഈ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി പരാതിക്കാരിയുടെ മറുപടി തേടിയിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.