മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 19കാരിയെ പീഡിപ്പിച്ച കേസില്‍ ഒരു ഇടനിലക്കാരി കൂടി പിടിയില്‍
ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പതുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒരു ഇടനിലക്കാരി കൂടി പിടിയില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കമ്പലായിക്കയം വീട്ടില്‍ സീന എന്നറിയപ്പെടുന്ന സുഹറ നസീറി(42)നെയാണ് തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി പ്രദീപ് കുമാര്‍, ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ പിടിയിലായതറിഞ്ഞു സീന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു തിരുവനന്തപുരത്തേക്കു മുങ്ങിയിരിക്കുകയായിരുന്നു. അവിടത്തെ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിടിയിലായവരില്‍നിന്നു പുരുഷപേരിലുള്ള സീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തി.
അതിലൂടെ ഇടപാടുകാരെന്ന വ്യാജേന ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോള്‍ കോട്ടയം സ്വദേശിയായ ഒരു യുവാവും ഒപ്പമുണ്ടായിരുന്നു. ചാലക്കുടിയില്‍ ഡോക്ടര്‍മാരും മറ്റും താമസിക്കുന്ന മേഖലയില്‍ വാടകയ്ക്കു താമസിച്ച് ഹോം നഴ്‌സിംഗ് ഏജന്റ് എന്ന വ്യാജേനയായിരുന്നു ഇടപാടുകള്‍.