ദോഹ:ഖത്തറില്‍ ശനിയാഴ്ച 964 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 552 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 1,69,086 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 808 പേര്‍ സ്വദേശികളും 156 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 331 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,89,064 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 19,647 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പുതിയതായി 4,909 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,797,325 ആയി.
സൗദി അറേബ്യയിലും കൊവിഡ് മൂലമുള്ള മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു. പുതുതായി 878 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 578 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,97,636 ആയി. ഇവരില്‍ 3,82,776 പേര്‍ക്ക് രോഗം ഭേദമായി.
ആകെ മരണസംഖ്യ 6,747 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,113 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 914 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.
റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ പകുതിക്കടുത്തു രോഗികള്‍ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 410, മക്ക 149, കിഴക്കന്‍ പ്രവിശ്യ 141, ഹായില്‍ 30, അസീര്‍ 28, മദീന 24, ജീസാന്‍ 23, തബൂക്ക് 22, അല്‍ ഖസീം 19, അല്‍ജൗഫ് 9, നജ്‌റാന്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ബാഹ 7.
കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു. 12,10,155 ലക്ഷം പേരാണ് കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്വദേശികളാണ്. ഹവല്ലി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ ആളുകള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജഹ്റ ഗവര്‍ണറേറ്റിലാണ് ഏറ്റവും കുറവ് ആളുകള്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആരോഗ്യമന്ത്രാലയത്തിന്റെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ബാര്‍കോഡ് പരിശോധിച്ചാണ് വാക്‌സിനേഷനായി കടത്തിവിടുന്നത്.