ആലപ്പുഴ: നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.
ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.
ചികിത്സ ലഭിയ്ക്കാതെ വയോധിക മരിച്ചെന്നാരോപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു പുന്നപ്ര അഞ്ചിൽ ഉമൈബ (70) യുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. പനിയെത്തുടർന്ന് ഉമൈബ 24 ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവഷളായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ഉമൈബ മരിച്ചു.ആശുപത്രി സൂപ്രണ്ട് എത്തി ചർച്ചനടത്തിയതിനു ശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ബന്ധുക്കൾ മൃതദേഹവുമായി മടങ്ങിയത്.
24 ദിവസത്തെ ചികിത്സയ്ക്കിടെ ഉമൈബയെ രണ്ടുതവണ വീട്ടിലേക്കയച്ചു. യൂണിറ്റിലെ മേധാവി ഒരു തവണപോലും നേരിട്ടു പരിശോധിക്കുകയോ രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ കാണുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ചികിത്സയിൽ അശ്രദ്ധയുണ്ടെന്ന് സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹം നിർദേശം നൽകിയെങ്കിലും പി.ജി. ഡോക്ടർമാരടക്കമുള്ളവർ ശ്രദ്ധിച്ചില്ല. ബന്ധുക്കളോടു മോശമായി സംസാരിക്കുകയും ചെയ്തു.
സംഭവത്തിൽ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്. ശ്രീകണ്ഠൻ എന്നിവർക്കാണ് അന്വേഷണച്ചുമതല
ആഭ്യന്തര അന്വേഷണത്തിനായി ഡോക്ടർസംഘത്തെ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഹൃദ്രോഗവിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘത്തിൽ ഫൊറൻസിക് വിഭാഗം അസോ. പ്രൊഫസർ ഡോ. കൃഷ്ണൻ, ആർ.എം.ഒ. ഡോ. ലക്ഷ്മി എന്നിവരാണുള്ളത്.
ഉമൈബയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്ന ബന്ധുക്കളുടെ ആക്ഷേപത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എച്ച്. സലാം എം.എൽ.എ. ആരോഗ്യമന്ത്രിക്കു കത്തുനൽകി. പരാതി ഗൗരവമായെടുത്ത് നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.