കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.
വാദത്തിന് ബലമായി അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ
. വീഡിയോ ദൃശ്യങ്ങളുടെ സീൻ അടങ്ങിയ വിവരണം, പ്രതിയുടെ സഹോദരന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടും ഒന്നും ജഡ്ജി ഒന്നും ചെയ്തില്ല.
. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ജഡ്ജി നിരസിച്ചു
. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും അകാരണമായി ജഡ്ജി തള്ളുകയാണ്
. ജഡ്ജി ഹണി എം.വർഗീസ് പ്രത്യേക കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയി സ്ഥലം മാറിയപ്പോൾ കേസും ഇതേ കോടതിയിലേക്ക് മാറ്റി
. അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് ഇത്തരത്തിൽ മാറ്റിയത് നിയമപരമല്ല
ഈ ആവശ്യങ്ങളുന്നയിച്ചാണ് വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണം എന്ന് അതിജീവിത ആവശ്യപ്പെട്ടത്.