CrimeKeralaNews

ഒളിവില്‍ കഴിഞ്ഞത് നേപ്പാളില്‍?പിടികിട്ടാപ്പുള്ളിയായി പോലീസിനെ വെട്ടിച്ച് 21 മാസം,ഒടുവില്‍ കീഴടങ്ങി

ആലപ്പുഴ: ഒന്നരവര്‍ഷത്തിലേറെയായി പോലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ ഒളിവില്‍കഴിഞ്ഞത് നേപ്പാളിലെന്ന് സൂചന. ഹൈക്കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടും ഇതിന് തയ്യാറാകാതെ ഒളിവില്‍പോയ സെസി സേവ്യറിനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞ 21 മാസമായി പോലീസിന് പിടികൊടുക്കാതിരുന്ന സെസി സേവ്യര്‍ ഒടുവില്‍ 2023 ഏപ്രില്‍ 25 ചൊവ്വാഴ്ചയാണ് ആലപ്പുഴ കോടതിയിലെത്തി കീഴടങ്ങിയത്.

കുട്ടനാട് രാമങ്കരി നീണ്ടിശ്ശേരി വീട്ടില്‍ സെസി സേവ്യര്‍(29) ചൊവ്വാഴ്ച ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. അഭിഭാഷക ചമഞ്ഞ് ആള്‍മാറാട്ടം നടത്തി നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചതിന് 2021 ജുലായ് 15-നാണ് സെസി സേവ്യര്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യോഗ്യതയില്ലാതെ രണ്ടര വര്‍ഷത്തോളമാണ് ഇവര്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്. ഇതിന് മറ്റൊരു അഭിഭാഷകയുടെ ബാര്‍ കൗണ്‍സില്‍ റോള്‍ നമ്പരും നല്‍കി.

ആലപ്പുഴ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് അസോസിയേഷന്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഇവരുടെ യോഗ്യത സംബന്ധിച്ച സംശയം ഉയര്‍ന്നത്. സെസിക്ക് മതിയായ യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന് ഒരു കത്ത് ലഭിച്ചിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് നിയമബിരുദമില്ലെന്ന് കണ്ടെത്തിയത്. ഇതിനിടെ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനും അസോസിയേഷന്‍ സെസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗ്യത സംബന്ധിച്ച രേഖകളൊന്നും സമര്‍പ്പിക്കാതിരുന്നതോടെ ബാര്‍ അസോസിയേഷന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2011-ലെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയെ തുടര്‍ന്നാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തത്. സെസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ സെസി ഒളിവില്‍ പോവുകയായിരുന്നു. പോലീസ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. ചൊവ്വാഴ്ച കായംകുളത്തെ അഭിഭാഷകന്‍ മുഖേനെയാണ് സെസി ആലപ്പുഴ സി.ജെ.എം കോടതിയില്‍ ഹാജരായത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button