24.6 C
Kottayam
Monday, May 20, 2024

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു;ഭക്ഷണം കൊണ്ടുവന്നിരുന്നത് വീട്ടിൽ പാകംചെയ്ത്

Must read

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ പ്രമുഖ സീരിയൽ നടിക്ക് കടിയേറ്റു. ആകാശവാണി ആർട്ടിസ്റ്റുകൂടിയായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരിവീട്ടിൽ ഭരതന്നൂർ ശാന്ത (64)യ്ക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.

തെരുവുനായ്ക്കൾക്ക് ശാന്ത പതിവായി ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം റോഡിൽ കൊണ്ടുവന്നാണ് നായ്ക്കൾക്ക് നൽകിയിരുന്നത്. ഇങ്ങനെ ഭക്ഷണം നൽകുന്നതിനിടെ ഒരു നായ ശാന്തയുടെ വലതുകൈയിൽ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. ശാന്തയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്നാണ് സംശയിക്കുന്നത്.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം കൂടിവരികയാണ്. ഇന്നലെ കിടപ്പുമുറിയിൽക്കയറി കോളേജ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചിരുന്നു. തിരുവനന്തപുരം കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. മുറിക്കുള്ളിൽ കയറിയ തെരുവുനായ അഭയയുടെ കയ്യിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളിൽ പേവിഷബാധ തടയാൻ അവയ്ക്ക് വാക്സിനേഷൻ എടുക്കുന്നതിനുള്ള തീവ്ര യജ്ഞം ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെ നടത്തുമെന്നും അടുത്തമാസം ആദ്യം മുതൽ വന്ധ്യംകരണത്തിന് 37 കേന്ദ്രങ്ങൾ കൂടി മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരമാണിത്.

തെരുവുനായ്കളുടെ എണ്ണം 2025 ഓടെ പൂർണമായും കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയിൽ കൂടുതൽ പേർക്ക് നായ്ക്കളുടെ കടിയേറ്റ (ഒരുമാസത്തിൽ പത്തിലധികംപേർക്ക്)​ ഹോട്ട് സ്പോട്ടുകൾക്കാകും വാക്സിനേഷനിൽ മുൻഗണന. ആകെ ഹോട്ട് സ്പോട്ടുകൾ 170. വാക്സിനേഷനായി 78 ഡോഗ് കാച്ചർമാരെ കണ്ടെത്തി. ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും.

ഇതുവരെ രണ്ടു ലക്ഷം ഡോസ് വാക്സിൻ നായ്ക്കളിൽ കുത്തിവച്ചു. വിവിധ ജില്ലകളിലെ മൃഗാശുപത്രികളിലേക്ക് നാലു ലക്ഷം ഡോസ് വിതരണം ചെയ്തു. നാലു ലക്ഷം ഡോസ് കൂടി വാങ്ങാൻ നടപടി സ്വീകരിച്ചു. ഒരു ഡോസ് വാക്‌സിന് ചെലവ് 10 രൂപ.

വന്ധ്യംകരണ കേന്ദ്രങ്ങളിലേക്ക് വെറ്റിനറി ഡോക്ടർമാരെയും ഡോഗ് കാച്ചർമാരെയും കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഇവർക്ക് പരിശീലനം നൽകും. ആലപ്പുഴ, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ കേന്ദ്രങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് 340 തദ്ദേശ സ്ഥാപനങ്ങളിൽ എ.ബി.സി പ്രോഗ്രാമിനായി 7.7 കോടി മാറ്റിവച്ചു. വളർത്തുനായ്ക്കൾക്ക് കുത്തിവയ്പ്പും ലൈസൻസും നിർബന്ധമാക്കാൻ സംസ്ഥാന കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week