സെന്റ് ജോൺസ് : ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലർത്താനുള്ള ഓക്സിജൻ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല ഓക്സിജൻ തീർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പേടകം കണ്ടെത്താൻ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബട്ടിക് പേടകം തീവ്രമായി ശ്രമിക്കുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ഫ്രഞ്ച് തീരത്തിനു സമീപമുള്ള ഇംഗ്ലിഷ് ചാനൽ ദ്വീപസമൂഹത്തിൽ ഒന്നായ ഗേൺസിയിലെ മഗെല്ലൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജൂലിയറ്റ് എന്ന സമുദ്രാന്തര തിരച്ചിൽയാനവും യുഎസ് എയർക്രാഫ്റ്റിൽ രക്ഷാദൗത്യം നടക്കുന്നിടത്തേക്ക് ഉടനെത്തും. ഫ്രാൻസിന്റെ റോബട്ടിക് പേടകം ‘വിക്ടർ 6000’ രക്ഷാദൗത്യത്തിൽ അണിചേർന്നിരുന്നു. സമുദ്രാന്തര തിരച്ചിൽയാനങ്ങളിൽ ഏറെ പ്രശസ്തിയുള്ള റോബട്ടിക് പേടകമാണ് വിക്ടർ 6000.
19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ വിക്ടറിനു സാധിക്കും. രണ്ടു പൈലറ്റുമാർ അടങ്ങുന്ന സംഘങ്ങൾ നാലു ഷിഫ്റ്റുകളിലായി, കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ കൺട്രോൾ റൂമിലിരുന്ന് വിക്ടറിന്റെ പ്രവർത്തനങ്ങളും സഞ്ചാരപാതയും നിരീക്ഷിക്കും. ഇവർക്കു പുറമേ മൂന്നാമനും സഹായത്തിനുണ്ടാകും. ഇയാൾ കനേഡിയൻ കോസ്റ്റ് ഗാർഡിലെയോ ഓഷൻഗേറ്റ് ടൈറ്റനിലെയോ ജീവനക്കാരനാകും. വിക്ടർ 6000ലെ ലൈറ്റുകളും ക്യാമറകളും കടലിന്റെ അടിത്തട്ടിലെ തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തിക്കും.
എട്ടു കിലോമീറ്റർ ദൂരത്തിലുള്ള മാതൃകപ്പലുമായി വിക്ടർ 6000 ഒരു കേബിൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. വിക്ടറിന് ആവശ്യമായ വൈദ്യുതി ഈ കപ്പൽ നൽകും. അതിനാൽ എത്ര ആഴത്തിൽ വേണമെങ്കിലും വിക്ടറിന് തിരച്ചിൽ നടത്താം. ആവശ്യമെങ്കിൽ ഈ കേബിളുകളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ക്രമീകരണങ്ങളും വിക്ടറിലുണ്ട്. വിക്ടറിനു പുറമേ, ആറായിരം അടി താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്..
എന്നാൽ തിരച്ചിലിനു സമയം എടുക്കുമെന്നും സമയമാണ് നമ്മുടെ കയ്യിൽ ഇല്ലാത്തതെന്നും ബ്രിട്ടിഷ് അന്റാർട്ടിക് സർവേ ഗവേഷകനായ ഡോ.റോബ് ലാർടർ അറിയിച്ചു. ‘‘ഇതൊരു കഠിനമായ സാഹചര്യമാണെങ്കിലും പ്രതീക്ഷ അവസാനിച്ചിട്ടില്ല. കഴിയുന്നിടത്തോളം നാൾ ആത്മവിശ്വാസം പുലർത്തണം. പുറംകടലിലെ കപ്പലുകൾക്ക് സോനാർ (ശബ്ദതരംഗങ്ങൾ കൊണ്ട് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാനുള്ള സാങ്കേതിക വിദ്യ) ഉപയോഗിച്ച് ടൈറ്റനെ കണ്ടെത്താനാകില്ല. കാരണം ടൈറ്റൻ വളരെ ചെറുതാണ്. അതിനാലാണ് വിക്ടർ പോലെയുള്ള റോബട്ടിക് പേടകങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഒരോ നീക്കത്തിനും സമയമെടുക്കും, എന്നാൽ സമയമാണ് നമുക്ക് ഇല്ലാത്തതും’’– അദ്ദേഹം പറഞ്ഞു.
സോനാർ ബോയ് സംവിധാനമുപയോഗിച്ച കനേഡിയൻ പി–3 വിമാനത്തിനാണ് ഇന്നലെ ഉച്ച മുതൽ കടലിനടിയിൽ നിന്നുള്ള മുഴക്കം ലഭിച്ചത്. അതിനെ ചുറ്റിപ്പറ്റിയാണിപ്പോൾ അന്വേഷണം. ഓരോ 30 മിനിറ്റിലും ഈ മുഴക്കം ആവർത്തിക്കുന്നുണ്ടെന്നാണു വിവരം. അതാണ് തിരച്ചിൽസംഘത്തിനുള്ള പ്രതീക്ഷയും. കനേഡിയൻ, ഫ്രഞ്ച് നാവികസേനകളും യുഎസ് കോസ്റ്റ്ഗാർഡും പങ്കെടുക്കുന്ന തീവ്രമായ തിരച്ചിൽ തുടരുന്നുണ്ട്. ഡീപ് എനർജി എന്ന കപ്പലും കോസ്റ്റ്ഗാർഡിന്റെ രണ്ട് സി – 130 വിമാനങ്ങളും കടൽ അരിച്ചുപെറുക്കുന്നുണ്ട്.
ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുള്ളത്.